കോതമംഗലം: സീസണ്‍ ആരംഭിച്ച് ഭൂതത്താന്‍കെട്ട് ഡാമില്‍ വെള്ളമായിട്ടും ബോട്ട് സവാരി പുനരാരംഭിക്കാതെ അധികൃതര്‍. ഡിസംബര്‍ അവസാനം ഡാമില്‍ വെള്ളം പിടിക്കുമ്പോള്‍ മുതല്‍ മഴക്കാലം ആരംഭിച്ച് ജൂണ്‍ ആദ്യം ഡാമിലെ വെള്ളം തുറന്നുവിടുന്നത് വരെയുള്ള ആറു മാസക്കാലമാണ് ഇവിടെ ടൂറിസം സീസണ്‍. സ്വദേശികളും വിദേശികളുമായി നിരവധി ടൂറിസ്റ്റുകളാണ് സീസണില്‍ എത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോട്ട് സവാരിയുടെ കാര്യത്തിലും ഈ അനാസ്ഥയും അലംഭാവവും പ്രകടമാണ്.
കുറച്ചു കാലമായി കെഎസ്ആര്‍ടിസിയും ജംഗിള്‍ സഫാരിയുടെ ഭാഗമായി ഭൂതത്താന്‍കെട്ടിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍ ഇക്കുറി ഡാമില്‍ വെള്ളം പിടിച്ച് ഒരു മാസമാകാറായിട്ടും ബോട്ട് സവാരി പുനരാംഭിക്കാന്‍ നടപടിയായിട്ടില്ല. ഭൂതത്താന്‍കെട്ടിലെത്തുന്ന സഞ്ചാരികളിലേറെയും പ്രതീക്ഷിക്കുന്നത് പെരിയാറിലൂടെയുളള ബോട്ട് സവാരിയാണ്. നിയമ-സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്.
ബോട്ടുടമകള്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും കൃത്യമായ മറുപടിയില്ല. ടൂറിസ്റ്റുകള്‍ ഭൂതത്താന്‍കെട്ടില്‍ നിന്ന് കുട്ടമ്പുഴവരെ ബോട്ടില്‍ യാത്ര ചെയ്തശേഷം ബസില്‍യാത്ര തുടരുന്ന വിധമാണ് ജംഗിള്‍ സഫാരിയുടെ റൂട്ട് ക്രമീകരിച്ചിരുന്നത്.






















































