കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം ജൂലൈ 10 ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലത്ത് നിന്നും ഇടമലയാർ,വടാട്ടുപാറ പ്രദേശങ്ങളിലേക്കും താളുകണ്ടം,പോങ്ങും ചുവട് ആദിവാസി കോളനി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഭൂതത്താൻകെട്ട് ബാരേജിനു മുകളിലുള്ള റോഡിലൂടെ മാത്രമെ എത്തിച്ചേരുവാൻ സാധിക്കുകയുള്ളു. സാങ്കേതിക കാരണങ്ങളാലും സുരക്ഷിത കാരണങ്ങളാലും ബാരേജിലൂടെയുള്ള വാഹന ഗതാഗതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് ബാരേജിനു കുറുകെ പുതിയ പാലം നിർമ്മിച്ചത്.
(FILE PHOTO FROM KOTHAMANGALAMNEWS.COM MEDIA LIBRARY )
11 സ്പാനുകളോടു കൂടി 235 മീറ്റർ നീളത്തിലും,11 മീറ്റർ വീതിയിലും പാലവും ഇരു കരകളിലും അപ്രോച്ച് റോഡും ഉൾപ്പെടെ സാങ്കേതിക അനുമതി ലഭിക്കുകയും പാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. നിർമ്മാണ വേളയിൽ ഭൂതത്താൻകെട്ടിന്റെ മുഖ്യ ആകർഷണമായ ഗാർഡന്റെ സ്ഥലം മുറിഞ്ഞു പോകാത്ത രീതിയിൽ ഡിസൈനിൽ മാറ്റം വരുത്തുകയും,3 ലാന്റ് സ്പാനും കൂട്ടി ചേർത്ത് 14 സ്പാനുകളും, 296 മീറ്റർ നീളവും,11 മീറ്റർ വീതിയും ഉള്ള പാലവും ഇരു കരകളിലും അപ്രോച്ച് റോഡുകളും ഉൾപ്പെടുത്തി 19.95 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം പൂർത്തീകരിച്ചതെന്നും,പുതിയ പാലം ജൂലൈ 10 ന് നാടിന് സമർപ്പിക്കുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.