കോതമംഗലം: ഭൂതത്താന്കെട്ടിന് സമീപം വനപ്രദേശത്തോടു ചേർന്നു പെരിയാർവാലി വൃഷ്ടിപ്രദേശം കൈയേറി അനധികൃത ബണ്ട് നിര്‍മിച്ച സംഭവത്തില്‍ അന്വേഷണം നടത്തി നടപടി കൈകൊള്ളുവാൻ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഇന്നലെ ഉത്തരവിട്ടിരുന്നു. പുന്നേക്കാട് പഴയ മാഞ്ചിയം തോട്ടത്തിലൂടെയുള്ള മണ്‍പാത അവസാനിക്കുന്ന വെള്ളംക്കെട്ടു ചാലിലാണ് അനധികൃത ബണ്ട് നിർമിച്ചിരിക്കുന്നത്. പെരിയാർവാലി വൃഷ്ടിപ്രദേശം തുടങ്ങുന്ന ഭാഗമാണിത്. കളക്ടറുടെ നിർദേശപ്രകാരം തഹസീൽദാർ റേയ്ച്ചൽ കെ. വർഗീസ്, പെരിയാർവാലി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബേസിൽ പോൾ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തതിനെ തുടർന്നാണ് ഇന്ന് അനധികൃത ബണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പൊളിക്കുവാൻ തുടങ്ങിയത്.
കീരമ്പാറ പഞ്ചായത്ത് തൊഴിലുറപ്പ് പണിയിൽപ്പെടുത്തിയാണ് വൃഷ്ടിപ്രദേശത്ത് മണ്ണിട്ട് നികത്തി ബണ്ട് നിർമിച്ചതെന്ന് ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു. നിലവിലെ നടപ്പാതയോട് ചേർന്ന് ഇരുവശത്ത് നിന്ന് മണ്ണിട്ട് ബലപ്പെടുത്താനെന്ന പേരിലാണ് പണികൾ നടത്തിയതെന്നും പറയുന്നു. നടപ്പാത ബലപ്പെടുത്താനെന്ന വ്യാജേനയാണ് മണ്ണിട്ട് വൃഷ്ടിപ്രദേശത്ത് കൈയേറ്റം നടത്തിയത്. ഉദ്ദേശം നാല് മീറ്റർ വീതിയിൽ 50 മീറ്റർ നീളത്തിലാണ് ബണ്ട് പണിതിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ബണ്ട് പൊളിച്ചു കളയുകയും ചിലവായ തുക അനധികൃത ബണ്ട്നിർമ്മാണം നടത്തിയവരിൽ നിന്നും ഈടാക്കുമെന്നും പെരിയാർ വാലി അധികാരികൾ വ്യക്തമാക്കുന്നു.
You must be logged in to post a comment Login