കോതമംഗലം : പെരിയാറിന്റെ മടിത്തട്ടിലൂടെ കെട്ട് കണക്കിന് മായിക കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് കണ്ടാസ്വാദിക്കുവാൻ ഭൂതത്താൻകെട്ടിൽ ജല യാത്ര ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചതിനെ തുടർന്ന് ജലനിരപ്പുയർന്നതോടെ ഞായറാഴ്ച ബോട്ടിങ് ആരംഭിച്ചത്. ജലയാത്രയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അരുൺ വലിയതാഴത്ത്,ജോൺസൺ കറുകപ്പിള്ളിൽ,നോബിൾ ജോസഫ്,കോതമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി എന്നിവർ സംസാരിച്ചു.
എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതി നിധികളും,ആനവണ്ടിയുടെ ജംഗിൾ സഫാരി യാത്രികരും ബോട്ട് യാത്രയിൽ പങ്കാളികളായി. പക്ഷി മൃഗാദികളെയെല്ലാം കണ്ട് കാനന ഭംഗി ആസ്വദിച്ച് പെരിയാറിലൂടെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് നവ്യനുഭൂതിയാണ് പകർന്ന് നൽകുന്നതെന്നും,തേക്കടിക്ക് സമാനമായ ഒരു അനുഭവമാണ് ഇത് സമ്മാനിക്കുന്നതെന്നും എം എൽ എ പറഞ്ഞു. 50 മുതൽ 100 പേർക്കു ഇരിക്കാവുന്ന ഹൗസ്ബോട്ടും,10 പേർക്കിരിക്കാവുന്ന ചെറിയ ബോട്ടുകളുമാണിവിടെയുള്ളത്. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പെരിയാറിലൂടെയുള്ള ബോട്ടുസവാരി. തട്ടേക്കാട്,കുട്ടമ്പുഴ,ഇഞ്ചത്തൊട്ടി,നേര്യമംഗലം വരെ ബോട്ടിലൂടെ കാടിന്റെ ഭംഗി ആസ്വദിച്ച് സവാരി നടത്താം. പഴയ ഭൂതത്താൻകെട്ടിലേക്ക് കാനന വീഥിയിലൂടെയുള്ള യാത്രയും രസകരമാണ്. ബാരിയേജിന്റെ ഷട്ടർ വീണതോടെ പെരിയാർ വിനോദ സഞ്ചാരത്തിനൊപ്പം കുടിവെള്ളത്തിനും കാർഷിക മേഖലയിലെ ജലസേചനത്തിനും തുടിപ്പേകും.
200 രൂപ നിരക്കിൽ ഒരു മണിക്കൂറോളം ബോട്ട് സവാരി യിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കാം എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ക്രിസ്തുമസ്,പുതുവത്സര ദിനങ്ങളിൽ നിരവധി വിനോദ സഞ്ചരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഭൂതത്താൻകെട്ടിലെ ബോട്ടുടമകൾ.