കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂരഹിതരായ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാകുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബഹു:പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി വിലയ്ക്കു വാങ്ങി സൗജന്യമായി നൽകുന്ന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും ഇതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ഭൂമി ലഭ്യമാക്കിയതിന്റെ വിവരങ്ങളും, ഇനിയും ഭൂമി ലഭ്യമാക്കുവാനുള്ള മണ്ഡലത്തിലെ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും അടിയന്തിരമായി ഭൂമി ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ഭൂമി വാങ്ങി നൽകുന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ 03.03.2018 ലെ 21/18/പജ.പവ.വിവ ഉത്തരവിലൂടെ പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്നും,ആയതിനാൽ പ്രകാരം ഭൂമി, നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് കണ്ടെത്തിയതിൽ ആദ്യ ഘട്ട ഫീൽഡ് പരിശോധയ്ക്ക് ശേഷം 747.42 ഏക്കർ ഭൂമി ജില്ലാതല കമ്മിറ്റിയുടെ പരിഗണനയിലാണെന്നും, വയനാട്, പാലക്കാട്, കോട്ടയം, എറണാകുളം, കാസർഗോഡ് ജില്ലകളിലെ 63.41 ഏക്കർ ഭൂമിയുടെ വില നിർണ്ണയം കഴിഞ്ഞിട്ടുണ്ടെന്നും,ടി ഭൂമി ഉടൻ തന്നെ വാങ്ങി നൽകാൻ കഴിയുന്നതാണെന്നും ബഹു:മന്ത്രി പറഞ്ഞു.
ഭൂമി വാങ്ങി നൽകുന്ന ലാന്റ് ബാങ്ക് പദ്ധതിയിൽ കീഴിൽ ഭൂമി വാങ്ങി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായും ലാന്റ് ബാങ്ക് പദ്ധതി നിലവിൽ വരുന്നതിന് മുമ്പ് കോതമംഗലം മണ്ഡലത്തിൽ ആറ് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകിയിട്ടുണ്ടെന്നും, ആറ് കുടുംബങ്ങൾക്ക് 25 സെന്റ് വീതം സ്ഥലം വാങ്ങുന്നതിന് 55,05,000/- രൂപ ഇതിനകം ചെലവഴിച്ചതായും മന്ത്രി അറിയിച്ചു. കോതമംഗലം മണ്ഡലത്തിൽ 16-ഓളം ഭൂരഹിത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് കൂടി ഭൂമി നൽകാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടെന്നും ഇവർക്ക് ഭൂമി വാങ്ങി വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായും ബഹു:പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login