കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയേയും,വാരപ്പെട്ടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ അയ്യങ്കാവിൽ നിന്നും ആരംഭിച്ച് കോഴിപ്പിളളി – പോത്താനിക്കാട് റോഡിലെ കുടമുണ്ടയിൽ എത്തി ചേരുന്നതുമായ അയ്യങ്കാവ് – ഇളങ്കാവ് – കൊഴിമറ്റം – കുടമുണ്ട ലിങ്ക് റോഡിൻ്റെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കുത്തുകുഴി- അയ്യങ്കാവ് – കോഴിപ്പിളളി മേഖലയിലെ ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമായിരുന്നു പ്രസ്തുത റോഡ്. കോഴിപ്പിളളി പുഴയ്ക്കു കുറുകെയുള്ള തൊണ്ടുംപടി – മാണിത്താഴം ചെക്ക്ഡാം കം ബ്രിഡ്ജിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്.
പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ശശി,വാർഡ് മെമ്പർ എയ്ഞ്ചൽ മേരി ജോബി,മുനിസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,പി ആർ ഉണ്ണികൃഷ്ണൻ, ഭാനുമതി രാജു,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്ഥലം വിട്ടു നൽകിയ സഹോദരങ്ങളായ പനച്ചിക്കുടി മാണി ആന്റണി,പയസ് ആന്റണി,ജയിംസ് ആന്റണി എന്നിവരെ ചടങ്ങിൽ എം എൽ എ ആദരിച്ചു.