കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി.
പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, നാര്‍ക്കോട്ടിക്‌സ് വിഭാഗങ്ങള്‍ സംയുക്തമായ റെയ്ഡുകള്‍ നടത്തി ലഹരിയുടെ നീരാളിപിടുത്തത്തില്‍ നിന്നും നാടിനെ രക്ഷിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപതാ കമ്മിറ്റിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ലഹരിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു.
അക്രമങ്ങളും കൊലപാതകങ്ങളും മോഷണവും നിത്യസംഭവമായി മാറിയിട്ടും, സ്‌കൂള്‍-കോളേജ് പരിസരങ്ങളും ലഹരി വില്പന കേന്ദ്രങ്ങളായി മാറിയിട്ടും ലഹരിയെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ല.






















































