കോതമംഗലം: വാസയോഗ്യമല്ലാത്ത ഊരിൽ നിന്നു പലായനം ചെയ്ത ആദിവാസി സമൂഹത്തെ സംരക്ഷിക്കാൻ തയാറാവാത്ത സർക്കാർ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന ആദിവാസികളെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഷിബു.
അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അരേക്കാപ്പ് കോളനിയിൽ നിന്നുള്ള 39 പേരാണ് കഴിഞ്ഞ ദിവസം വടാട്ടുപാറ വൈശാലി ഗുഹയ്ക്കു സമീപം അഭയം പ്രാപിച്ചത്. എന്നാൽ വനം വകുപ്പ് അധികൃതർ അവരെ നിർബന്ധപൂർവം ഒഴിപ്പിക്കുകയായിരുന്നു.
അടിസ്ഥാന സൗകര്യമില്ലാത്ത ഹോസ്റ്റലിൽ കാടിൻ്റെ മക്കളുടെ ജീവിതം ദുരിത പൂർണമാണ്.
ഭക്ഷണവും കുടിവെള്ളവുമില്ല. ഇവരുടെ പ്രശ്നം പരിഹരിക്കാനും പുനരധിവസിപ്പിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാരിൻ്റെ ഭാഗത്തു നിന്നു മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളകൈയ്യൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എബി എബ്രാഹം, സി.ജെ. എൽദോസ്, വിൻസി മോഹനൻ, കെ.എ.സിബി, പി.പി.ജോഷി, എൽദോസ് ബേബി, ജയിംസ് കോറമ്പേൽ, ആഷ് വിൻ ജോസ് എന്നിവർ അനുഗമിച്ചു. കേരള ആദിവാസി ഐക്യവേദി പ്രസിഡൻ്റ് ചിത്ര നിലമ്പൂർ, സെക്രട്ടറി കെ.ജി.ബിനു, പി.കെ.പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. ക്യാംപിൽ കഴിയുന്നവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.