കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ മണ്ഡലത്തിലെ കുട്ടമ്പുഴ,പിണ്ടിമന,കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ ആനശല്യം മൂലം ജനങ്ങൾ വലിയ തോതിൽ ബുദ്ധിമുട്ടുകയാണെന്നും,വനത്തിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ജനവാസ കേന്ദ്രങ്ങളിൽ ആനകൾ കൂട്ടമായി എത്തി വിളവെടുക്കാൻ പാകമായ വിളകളുൾപ്പെടെ വ്യാപകമായ കൃഷി നാശം വരുത്തുന്നതും, മുൻ വർഷങ്ങളിൽ ഇത്തരത്തിലുള്ള ആനശല്യത്തിൽ 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളതും എംഎൽഎ ബഹു: മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇത്തരത്തിലുള്ള ആനശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ഈ പ്രദേശങ്ങളിൽ റെയിൽ ഫെൻസിങ്ങും,ട്രഞ്ചും അടക്കമുള്ള കാര്യക്ഷമമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ഈ പ്രദേശങ്ങളിൽ ആന ശല്യംമൂലമുണ്ടായിട്ടുള്ള വ്യാപക കൃഷി നാശങ്ങൾക്ക് കർഷകർക്ക് കാല താമസം കൂടാതെ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വന മേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ വന്യ ജീവി ആക്രമണം തടയുന്നതിനായി സൗരോർജ വേലികൾ നിർമ്മിച്ചു വരുന്നുണ്ടെന്നും, കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളിലായി മാവേലി മുതൽ അയിനിച്ചാൽ വരെ 5.50കിലോമീറ്ററും, വാവേലി മുതൽ കണ്ണക്കട വരെ 5.20 കിലോമീറ്ററും കുട്ടമ്പുഴ പഞ്ചായത്തിൽ 57.40 കിലോമീറ്ററും നിലവിൽ സൗരോർജ വേലി ഉണ്ടെന്നും കൂടാതെ പ്രസ്തുത പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരികെ കാട്ടിലേക്ക് കയറ്റി വിടുന്നതിനും മറ്റ് അടിയന്തിര സേവനം ലഭ്യമാക്കുന്നതിനുമായി സ്പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനെയും വനം വകുപ്പ് ജീവനക്കാരെയും താല്ക്കാലിക വാച്ചർമാരെയും ഉൾപ്പെടുത്തി എലിഫന്റ് ഡിപ്രഡേഷൻ സ്ക്വാഡുകളെയും സജ്ജമാക്കിയിട്ടുണ്ടെന്നും നിലവിൽ പ്രസ്തുത പ്രദേശങ്ങളിൽ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ തന്നെ കോട്ടപ്പടി, കുട്ടമ്പുഴ പഞ്ചായത്തുകളിലായി 27 കി മി സൗരോർജ വേലികൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായും ബഹു:മന്ത്രി പറഞ്ഞു.
അതോടൊപ്പം കൃഷി നാശത്തിന് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകളിൽ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് നഷ്ട പരിഹാരം നൽകി വരുന്നതായും, നിലവിൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിന്മേൽ സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുകയും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് നഷ്ട പരിഹാരം നൽകുകയും ചെയ്തു വരുന്നതായും,2018-19 വർഷത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് 26,പിണ്ടിമന പഞ്ചായത്ത് 28, കോട്ടപ്പടി പഞ്ചായത്ത് 68 എന്നിങ്ങനെ മൂന്ന് പഞ്ചായത്തുകളിലായി 122 പേർക്ക് 1269285 രൂപയും, 2019-20 വർഷത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് 28,പിണ്ടിമന പഞ്ചായത്ത് 23, കോട്ടപ്പടി പഞ്ചായത്ത് 42 എന്നിങ്ങനെ 93 പേർക്ക് 1104059 രൂപയും നഷ്ടപരിഹാരമായി വിതരണം ചെയ്തു കഴിഞ്ഞതായും, ഓൺലൈൻ ആയി ലഭിക്കുന്ന അപേക്ഷകളിൽ കാല താമസം കൂടാതെ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും ബഹു: മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login