കോതമംഗലം : ആന്റണി ജോൺ എം എൽ എ താലൂക്കിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നാം ഘട്ട ത്തിലെ പുസ്തകങ്ങൾ വാങ്ങി നൽകിയത്. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നാണ് പുസ്തകം വാങ്ങിയത്. മണ്ഡലത്തിന്റെ പരിധിയിലുള്ള 8 പഞ്ചായത്തിലേയും, മുനിസിപ്പാലിറ്റിയിലേയും തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികളിൽ പ്രത്യേക പുസ്തക കോർണർ ഇതിലൂടെ സ്ഥാപിക്കും.
കോതമംഗലം ടൗൺ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് ആന്റണി ജോൺ എം എൽ എ പുസ്തകം വിതരണം ചെയ്തു. കഴിഞ്ഞ 2 വർഷങ്ങളിലായി മണ്ഡലത്തിലെ ലൈബ്രറികൾക്ക് പുസ്തകം നൽകിയിരുന്നു. അടുത്ത വർഷത്തോടുകൂടി കോതമംഗലം മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികൾക്കും പുസ്തകം വിതരണം പൂർത്തീകരിക്കുവാൻ കഴിയുമെന്ന് എം എൽ എ പറഞ്ഞു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ഒ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് നാരായണൻ, സി പി മുഹമ്മദ്, പി ജി വേണു, പി എം പരീത് തുടങ്ങിയവർ സംസാരിച്ചു.
