കോതമംഗലം:ദേശീയ പാത വികസനത്തിലെ ജനവിരുദ്ധ നിലപാടിനെതിരെ
കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫോറോന സമിതി.
വനം വകുപ്പ് ജനദ്രോഹ നടപടികൾ തുടർന്നാൽ വനംവകുപ്പുകാർ കാട്ടിൽ കൂടി യാത്ര ചെയ്താൽ മതി എന്ന നിലപാട് ജനം സ്വീകരിക്കേണ്ടി വരും എന്നും, വനംവകുപ്പിന്റെ വാഹനങ്ങൾ റോഡിൽ തടയാൻ നിർബന്ധിതരാകുമെന്നും കത്തോലിക്കാ കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് വികസനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സർക്കാർ ഉത്തരവുകളും കോടതിവിധിയും കാറ്റിൽ പറത്തുന്ന സമീപനമാണ് വനംവകുപ്പ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത് എന്ന് യോഗം കുറ്റപ്പെടുത്തി.ശനി ഞായർ ദിവസങ്ങളിൽ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം പതിവ് കാഴ്ചയാണ്,റോഡിന് വീതി കൂട്ടേണ്ടതില്ല എന്നും ജനം ദുരിതം അനുഭവിക്കട്ടെ എന്നും വാഹനങ്ങൾ ബ്ലോക്കിൽപ്പെട്ട് മണിക്കൂറുകളോളം കിടക്കട്ടെ എന്നുമുള്ള നിലപാടാണ് വനം വകുപ്പിന് ഉള്ളത്. ജനവിരുദ്ധമായ ഈ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കും. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ വനമാണെന്നും നിലവിലുള്ള രീതിയിൽ കൂടുതൽ ടാറിങ് നടത്താനോ കാന നിർമിക്കാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ല എന്നുമുള്ള നിലപാട് ജനവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ് . ഈ മേഖലയിലെ സമാന
മനസ്കരായ ആളുകളുടെയും സംഘടനകളുടെയും യോഗം വിളിച്ചുകൂട്ടി അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും.
നേര്യമംഗലം മുതൽ വാളറ വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലത്തിന് വനംവകുപ്പിന് യാതൊരു അവകാശവുമില്ല എന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം നിർത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും ഗവൺമെന്റും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ ഇതു സംബന്ധിച്ച കൃത്യമായ നിർദ്ദേശം കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ്കോ തമംഗലം ഫൊറോന പ്രസിഡന്റ് ബിജു വെട്ടിക്കുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപത പ്രസിഡന്റ് സണ്ണി കടൂതാഴെ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോണി മാത്യു പാമ്പയ്ക്കൽ, . വി യു ചാക്കോ, ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ, ബേബിച്ചൻ നിധീകരിക്കൽ, ജോർജ് കുര്യാക്കോസ്, ജോസ് കുര്യൻ കൈതക്കൽ, സൂസൻ റോയ് പീച്ചാട്ട്, റെജി ജോസഫ് പള്ളുപേട്ട, സജി അമക്കാട്ട്, ടീന മാത്യു കുരിശുമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.



























































