കോതമംഗലം : കഴിഞ്ഞ ദിവസം വേനൽ മഴയിലും കാറ്റിലും കോതമംഗലം താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശം നേരിട്ടു.കവളങ്ങാട്, പിണ്ടിമന, വാരപ്പെട്ടി, കോതമംഗലം മുൻസിപ്പാലിറ്റി, നെല്ലിക്കുഴി,കീരംപാറ,കോട്ടപ്പടി,കുട്ടമ്പുഴ, പോത്താനിക്കാട് പഞ്ചായത്തുകളിലാണ് നാശനഷ്ടം ഉണ്ടായത് . പ്രാഥമികമായ കണക്കെടുപ്പിൽ ഏകദേശം 11500 കുലച്ച ഏത്ത വാഴകളും, 8000 ഏത്ത വാഴകളും അടക്കം19500 വാഴകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മഴയ്ക്ക് പുറമെ ഒരു ഹെക്ടർ സ്ഥലത്തെ കപ്പ കൃഷി, 20 റബറുകൾ എന്നിവയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്.125 കർഷകരുടെ വിളകൾക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.നാശനഷ്ടങ്ങൾ പരിശോധന നടത്തി തിട്ടപ്പെടുത്തി ഇവയുടെ ക്ലെയിം ഉടനെ സമർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . ആകെ 98 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
പൈങ്ങോട്ടൂർ പഞ്ചായത്തിലും കൃഷിനാശം ഉണ്ടായിട്ടുണ്ട്.പിണ്ടിമന പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. അവിടെ ഏകദേശം 6000 വാഴകളോളം നശിച്ചിട്ടുണ്ട്. കൂടാതെ കപ്പ,റബർ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.കൃഷിനാശം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ എ യോടൊപ്പം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും,കർഷകരും ഉണ്ടായിരുന്നു .