കോതമംഗലം: ആവോലിച്ചാലിൽ വീണ്ടും കാട്ടാന ആക്രമണം. ഒറ്റ രാത്രി കൊണ്ട് മുന്നൂറോളം വാഴകളാണ് നശിച്ചത്. ആവോലിച്ചാൽ, പേരക്കുത്ത് മേഖലയിൽ രാത്രിയെത്തിയ കാട്ടാനകൾ ജോൺസൺ, രാജാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള മുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്. വന്യജീവി ശല്യത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇത് കനത്ത തിരിച്ചടിയായി.ഈ പ്രദേശത്ത് നിരന്തരമായ കാട്ടാന ആക്രമണങ്ങളെ തുടർന്ന് പലരും വീടുകൾ ഒഴിഞ്ഞ് പോകുകയും കൃഷി പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
പാലമറ്റം മുതൽ ആവോലിച്ചാൽ വരെ ഏകദേശം ഏഴ് കിലോമീറ്റർ ദൂരത്തിൽ ഫെൻസിംഗ് ആവശ്യമാണ്. അതിൽ രണ്ടര കിലോമീറ്റർ മാത്രം ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂർത്തിയാക്കാനായി. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉറപ്പുകൾ മാത്രമാണ് ഉണ്ടായതെന്നും ഇത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും വ്യക്തമായ തെളിവാണെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആരോപിച്ചു.ഫെൻസിംഗ് നിർമ്മാണത്തോടൊപ്പം, സാധ്യമല്ലാത്ത ഇടങ്ങളിൽ ട്രഞ്ച് നിർമാണവും അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






















































