കോതമംഗലം :കരളിനും കുടലിനും രോഗം ബാധിച്ചു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു കോതമംഗലം പുതിയേടത്ത്കുടി വീട്ടിൽ പി.പി. അയ്യപ്പൻ.
കോതമംഗലം നഗരസഭയിൽ 30-ാം വാർഡിൽ ഒന്നര സെൻ്റിലെ ചെറിയ വീടിന് ഒരു നമ്പറിട്ട് കിട്ടാൻ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ വീടിന് നമ്പർ ലഭിച്ചില്ല.
തുടർന്നാണ് കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയത്. പരാതി പരിഗണിച്ച മന്ത്രി വീണാ ജോർജ് 40 വർഷം മുൻപ് നിർമ്മിച്ച വീടിന് പുതിയ നിയമങ്ങൾ തടസമാകാൻ പാടില്ലെന്നും ജനുവരി 13 തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം വീടിന് നമ്പർ ഇട്ട് നൽകാനും ഉത്തരവിട്ടു.
ഭാര്യ തങ്കമ്മയ്ക്കൊപ്പമാണ് 69 കാരനായ അയ്യപ്പൻ അദാലത്തിലെത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്ന രോഗിയായ അയ്യപ്പന് വീടിന് നമ്പറില്ലാത്തതിനാൽ മറ്റ് അപേക്ഷകൾ നൽകാനും കഴിയുമായിരുന്നില്ല. അദാലത്തിലെ അനുകൂല തീരുമാനം നൽകിയ ആശ്വാസത്തിലാണ് അയ്യപ്പനും കുടുംബവും.