കോതമംഗലം :ആലുവ – മൂന്നാർ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് മുന്നോടിയായി അന്തിമ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തങ്കളം ലോറി സ്റ്റാന്റ് ജംഗ്ഷനിൽ എത്തി തങ്കളം – കോഴിപ്പിള്ളി ബൈപാസ് വഴി ബിഷപ്പ് ഹൗസ് ജംഗ്ഷനിൽ അവസാനിക്കും വിധമാണ് അന്തിമ അലൈൻമെന്റ്. 23 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. പരമാവധി വളവുകൾ ഒഴിവാക്കും വിധമാണ് റോഡിന്റെ അലൈൻമെന്റ് അംഗീകരിച്ചിട്ടുള്ളത്.
പ്രസ്തുത പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 20/3/22 ലെ PWD 015 – 73/TE – 1/2022/ KIIFB ഉത്തരവ് പ്രകാരം 653.06 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായിരുന്നു. പദ്ധതിയുടെ അന്തിമ അലൈൻമെന്റ് തയ്യാറാക്കി പ്രൊജക്ട് ഡയറക്ടർക്ക് സമർപ്പിക്കുകയും PD KRFB -EKM/6/2022-PE4 ഉത്തരവ് പ്രകാരം അന്തിമ അലൈൻമെന്റിന് അംഗീകാരം ലഭ്യമാവുകയും ചെയ്തു. കോതമംഗലം മണ്ഡല പരിധിയിൽ നങ്ങേലി പടിയിലും ബ്ലൂ മൂൺ ഓഡിറ്റോറിയത്തിനു സമീപവുമാണ് വളവുകൾ ഒഴിവാക്കുന്നതിനായി നിലവിലെ അലൈൻമെന്റിൽ നിന്നും മാറ്റം വരുത്തിയിട്ടുള്ളത്. പ്രസ്തുത പദ്ധതിയുടെ റവന്യൂ ബി സാംഗ്‌ഷൻ ലഭ്യമാക്കി അലൈൻമെന്റ് കല്ലുകൾ സ്ഥാപിക്കുന്നതിനും , സ്ഥലമേറ്റെടുക്കൽ ആരംഭിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിൽ മുന്നോട്ട് പോവുകയാണെന്നും MLA അറിയിച്ചു.