കോതമംഗലം : ” ആലുവ മൂന്നാർ രാജപാത ” ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. രാജപാത പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 1924 ലെ വെള്ളപ്പൊക്കത്തിൽ (99 ലെ വെള്ളപ്പൊക്കം)കരിന്തിരി മലയിടിഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതായി തീർന്ന ശേഷം നാളിതുവരെയായി റോഡിന്റെ പുനർനിർമ്മാണം സാധ്യമായിട്ടില്ല എന്ന കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രസ്തുത റോഡ് പുനർ നിർമ്മിച്ചാൽ വളരെ ദൂര കുറവിലും കുത്തനെയുള്ള കയറ്റിറക്കങ്ങളോ കൊടും വളവുകളോ ഇല്ലാതെ മൂന്നാറിലേക്ക് എത്തിച്ചേരുവാൻ കഴിയുന്നതോടൊപ്പം കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനും സഹായകരമാകും.ആയതിതിനാൽ വനം വകുപ്പുമായി ചേർന്ന് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അടിയന്തരമായി റോഡ് പുനർ നിർമിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.ആലുവ മൂന്നാർ രാജപാത പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്നുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രസ്തുത റോഡിന്റെ ആദ്യ ഭാഗത്ത് കോതമംഗലം മുതൽ ചേലാട് വരെ നിലവിലുള്ള ബി സി ഓവർലേ ചെയ്യുന്നതിന് പണികൾ ടെണ്ടർ ചെയ്തു കരാർ നൽകി പണികൾ നടന്നു വരികയാണ്.ചേലാട് മുതൽ പുന്നേക്കാട് ജംഗ്ഷൻ വരെ ബി സി ഉപരിതലം പുതുക്കുന്നതിന് കരാർ നൽകി മറ്റൊരു പണിയും നടന്നു വരുന്നുണ്ട്.പുന്നേക്കാട് ജംഗ്ഷൻ മുതൽ മുതൽ തട്ടേക്കാട് പാലം വരെ നിലവിൽ പ്രവർത്തികൾ ഇല്ല.തട്ടേക്കാട് മുതൽ മുതൽ കുട്ടമ്പുഴ വരെയുള്ള ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിച്ച് പൂർത്തീകരിച്ചു വരുന്നു.കുട്ടമ്പുഴ മുതൽ പൂയംകുട്ടി ചപ്പാത്ത് വരെ ബി എം ബി സി 8 വർഷം മുമ്പ് ചെയ്തിട്ടുള്ളതാണ്.നിലവിൽ നിരത്ത് വരെ സഞ്ചാര യോഗ്യമാണ്.പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള വനത്തിലൂടെയുള്ള റോഡ് വനം വകുപ്പ് അടച്ചിരിക്കുകയാണ്.ടി 10 കിലോമീറ്റർ റോഡ് കച്ചാ റോഡ് (മൺപാത)ആണ്.
കോതമംഗലത്തു നിന്ന് പെരുമ്പൻകുത്ത് വരെ 40 കിലോമീറ്റർ റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ് എങ്കിലും പൂയംകുട്ടി മുതൽ 10 കിലോമീറ്റർ റോഡ് വനം വകുപ്പ് അടച്ചിരിക്കുന്നതിനാൽ ഗതാഗത യോഗ്യമല്ല.മലയിടിഞ്ഞത് കാരണമാണ് റോഡ് സഞ്ചാര യോഗ്യമല്ലാതായത്.വനം വകുപ്പ് ടി ഭാഗം അടച്ചതിനാൽ ടി റോഡ് പുനർ നിർമ്മിക്കുവാനുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തദ്വരാ ഡി പി ആർ തയ്യാറാക്കുന്നതിനും നാളിതു വരെ കഴിഞ്ഞിട്ടില്ല.ടി റോഡ് വികസനം സംബന്ധിച്ച ഒരു ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ വനം വകുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച് വരുന്നതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.