കോതമംഗലം;- പഴയ ആലുവ – മൂന്നാർ റോഡ് (രാജപാത) പുനരുദ്ധരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പൻചോല MLA എം എം മണി, കോതമംഗലം MLA ആൻ്റണി ജോൺ, ദേവികുളം MLA എ രാജ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം, ദേവികുളം മണ്ഡലങ്ങളിലെ LDF നേതൃത്വം ഉൾപ്പെടെയുള്ള സംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തിരുവിതാംകൂർ രാജഭരണക്കാലത്ത് ആലുവയിൽ നിന്നും മൂന്നാറിലേക്ക് ആരംഭിച്ച ഈ റോഡ് കുത്തനെ കയറ്റിറക്കങ്ങളോ കൊടും വളവുകളോ ഇല്ലാത്തതും കോതമംഗലത്ത് നിന്നും മൂന്നാറിലേക്ക് എത്തിച്ചേരുവാൻ 60 കിലോമീറ്റർ മാത്രം ദൂരമുള്ളതുമായിരുന്നു.കോതമംഗലത്ത് നിന്നും ആരംഭിച്ച് തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, കുതിരകുത്തി,തോളുനട കുഞ്ചിയാർ, കുറത്തിക്കുടി,പെരുമ്പൻകുത്ത്,നല്ലതണ്ണി,കല്ലാർ വഴി മൂന്നാറിലേക്ക് എത്തുന്ന പ്രസ്തുത റോഡ് 1924 ലെ വെള്ളപ്പൊക്കത്തിൽ ഗതാഗത യോഗ്യമല്ലാതായി തീരുകയായിരുന്നു.
1946 ന് ശേഷം കുട്ടമ്പുഴ,പൂയംകുട്ടി,മാങ്കുളം പ്രദേശങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളായി മാറുകയും ആദിവാസി ജനസംഖ്യ വർദ്ധിക്കുകയും,പുതിയ പഞ്ചായത്തുകൾ രൂപീകൃതമാവുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളായി ഈ പ്രദേശങ്ങൾ മാറിയതോടുകൂടി പെരിയാറിനു കുറുകെ പാലം നിർമ്മിക്കുകയും കോതമംഗലം മുതൽ പൂയംകുട്ടി വരെയുള്ള 27 കിലോമീറ്റർ ദൂരം ആധുനിക നിലവാരത്തിൽ റോഡ് നിർമാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. കുറത്തിക്കുടി,മേട്നാപ്പാറക്കുടി,ഞണ്ടുകുളം തുടങ്ങിയ ആദിവാസി സങ്കേതങ്ങളിലെ ആദിവാസികൾ തങ്ങളുടെ കാർഷിക ഉൽപന്നങ്ങളും,തേൻ ഉൾപ്പെടെയുള്ള വന വിഭവങ്ങളും പൂയംകുട്ടി വഴി കോതമംഗലത്ത് കൊണ്ടുപോയി വില്പന നടത്തിയിരുന്നതും ഈ റോഡിലൂടെയാണ്. എന്നാൽ അടുത്ത കാലത്ത് വനം വകുപ്പ് അധികാരികൾ വന സംരക്ഷണത്തിന്റെ പേരു പറഞ്ഞ് ടി റോഡിൽ പൂയംകുട്ടി ഭാഗത്ത് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മൂന്നാറിലേക്കുള്ള യാത്രയിൽ പഴയ ആലുവ – മൂന്നാർ റോഡ് പുനരുദ്ധരിക്കുന്നതിലൂടെ പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം,പെരിയാർവാലി ജലസേചന പദ്ധതിയുടെ റിസർവോയർ,ഇടമലയാർ പൂയംകുട്ടി നദികളുടെ സംഗമ സ്ഥാനമായ ആനക്കയം,പൂയംകുട്ടിയിലെ മനോഹരമായ കണ്ടമ്പാറ,പ്രാവ്കുത്ത്,പീണ്ടിമേട് വെള്ളച്ചാട്ടം,അതിമനോഹരമായ കുഞ്ചികുട്ടി പ്രദേശം,മാങ്കുളത്തെ വിവിധ നദികളിലെ വെള്ളച്ചാട്ടങ്ങൾ,ആനക്കുളം പ്രദേശം എന്നിവ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചകൾ കൂടിയാണ്.ആയതിനാൽ പഴയ ആലുവ – മൂന്നാർ റോഡ് (രാജപാത) പുനരുദ്ധരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.