കോതമംഗലം :വടാട്ടുപാറയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികളെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോഴാണ് കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കുള്ളിലും കയറി നാശം വരുത്തുന്നത്.
കൂട്ടമായും, ഒറ്റക്കും എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ തെങ്ങുകൾ എല്ലാം കാലിയാക്കുകയാണ്. ഇതിനു പുറമേ ചിലവിരുതർ വീടുകളുടെ അടുക്കളയിൽ കയറി ഭക്ഷണ സാധനങ്ങൾ തിന്നും തട്ടിമറിച്ചിട്ടും പാത്രങ്ങൾ തട്ടിയുടച്ചും നശിപ്പിക്കും. കഴിഞ്ഞ ദിവസം വടാട്ടുപാറ പണ്ടാരൻസിറ്റി വലിയകാലായിൽ ജോമോന്റെ വീടിൻ്റെ അടുക്കളയിൽ കയറി കൂടിയ കുരങ്ങനെ പുറത്തു ചാടിക്കാൻ മണിക്കൂറുകളോളം പണിപെടേണ്ടിവന്നു.
സമീപവാസി മാർട്ടിൻ മേക്കാമാലിയുടെ സഹായത്തോടെയാണ് ഒടുവിൽ കുരങ്ങനെ പുറത്താക്കിയത്. പ്രദേശത്ത് തേങ്ങ മാത്രമല്ല കപ്പ , വാഴ,ചേമ്പ്, ചേന, കൊക്കോ, മറ്റ് പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട് .വന്യ മൃഗങ്ങളുടെ ശല്ല്യം മൂലം കൃഷി സ്ഥലവും, വീടും എല്ലാം കിട്ടുന്ന വിലക്ക് വിറ്റു കൊണ്ട് സ്വൈര്യ ജീവിതം തേടി പലരും പാലായനം ചെയ്യുന്ന സ്ഥിതിയാണുള്ളത്. സർക്കാരുകളും വനം വകുപ്പ് അധികൃതരും കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.
