പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിൽ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി. അടിവാട് ടൗണിലെ ഓടയിലേക്ക് ശൗചാലയ കുഴലുകൾ തുറന്നവർക്കെതിരെയാണ് പല്ലാരിമംഗലം പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ടൗണിലെ ഓട നവീകരണത്തിൻ്റെ ഭാഗമായി മൂടി തുറന്നപ്പോഴാണ് ഓടയിലേക്ക് തുറന്ന നിലയിൽ ടൗണിലെ വിവിധ കെട്ടിടങ്ങളിലെ ശൗചാലയത്തിൽ നിന്നുള്ള കുഴലുകൾ കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്തധികൃതർ ആറോളം കെട്ടിട ഉടമകൾക്ക് 10000 രൂപ വീതം പിഴയടയ്ക്കാനും ഏഴ് ദിവസത്തിനുള്ളിൽ കുഴലുകൾ നീക്കം ചെയ്യാനും നോട്ടീസ് നൽകിയിട്ടുണ്ട്. അടിവാട് ടൗണിൻ്റെ മധ്യഭാഗത്തു നിന്ന് കോഴിപ്പിള്ളി റോഡിൽ 60 മീറ്റർ മാത്രമേ നവീകരണത്തിനായി ഓടയുടെ മൂടികൾ നീക്കം ചെയ്തിരിന്നുള്ളു. ഇത്രയും ഭാഗത്തു തന്നെ പത്തോളം മാലിന്യ കുഴലുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ കൂടുതൽ ഓടകൾ തുറക്കുന്ന പണികൾ പൊതുമരാമത്ത് വകുപ്പ് നിർത്തിവച്ചിരിക്കുകയാണ്. 60 മീറ്റർ ഓട പുനർ നിർമ്മിക്കാനുള്ള ഫണ്ട് മാത്രമേയുള്ളുവെന്നാണ് ഇതിനവർ പറയുന്ന ന്യായീകരണം. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാവുന്നുമില്ല. 60 മീറ്ററിൽ തന്നെ ഇത്രയേറെ മാലിന്യക്കുഴലുകൾ കണ്ടെത്തിയ സ്ഥിതിക്ക് ഓടയുടെ മറ്റു ഭാഗങ്ങളിലും അനേകം മാലിന്യ കുഴലുകൾ ഉണ്ടായേക്കാമെന്നാണ് നട്ടുകാർ പറയുന്നത്. മുഴുവൻ ഭാഗത്തെയും ഓടകൾ തുറന്ന് പരിശോധന നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ ഓടകൾ തുറക്കാതിരിക്കാൻ അധികൃതരുടെ മേൽ ചിലർ സമ്മർദം ചെലത്തുന്നുണ്ടെന്നും പറയപ്പെടുന്നു. മുഴുവൻ ഓടകളും നവീകരിച്ചാലേ ടൗണിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാവൂ.
