കോതമംഗലം : കോതമംഗലത്ത് സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെതെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി നടപടിയെടുത്തു. സൈജൻ്റ് ചാക്കോ, എബി എബ്രാഹം എന്നിവർക്കെതിരെയാണ് നടപടി. കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സൈജന്റ്റ് ചാക്കോയെയും, കവളങ്ങാട് മുൻ ബ്ലോക്ക് പ്രസിഡൻ്റും ഡിസിസി എക്സിസിക്യൂട്ടീവ് മെമ്പറുമായ എബി എബ്രഹത്തെയും പാർട്ടി പദവികളിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ അറിയിച്ചു.
നേരത്തെ ഇതേ പരാതി എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന് നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. പരാതി അന്വേക്ഷിക്കാൻ കെപിസിസി കെപിസിസി ഭാരവാഹികളായ അഡ്വ.പി എം നിയാസ്, പ്രൊഫ.കെ.എ തുളസി എന്നിവരെ നിയോഗിച്ചിരുന്നു. പരാതിക്കാരിയിൽ നിന്നും ആരോപണ വിധേയരിൽ നിന്നും മൊഴിയെടുത്ത ഇവർ പരാതി വാസ്തവമാണെന്ന് വിലയിരുത്തി നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. പാർട്ടിയിൽ വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.