ഏബിൾ. സി. അലക്സ്
കോതമംഗലം: ശനിയാഴ്ച അഭിനവ് എന്ന പത്തു വയസുകാരന്റെ ദിനമായിരിന്നു. വേമ്പനാട്ടു കായലിന്റെ ഓളങ്ങളെ വകഞ്ഞുമാറ്റി ആ കുട്ടി താരം നീന്തിക്കയറിയത് പുതു ചരിത്രത്തിലേക്ക്. കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ സുജിത്ത് കുമാറിന്റെയും, സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയായ ദിവ്യയുടെയും മകൻ അഭിനവ് സുജിത് ആണ് ഒരു മണിക്കൂർ ഇരുപത്തിരണ്ടു മിനിറ്റ് കൊണ്ട് അതും ഇരു കൈയ്യും, കാലും ബന്ധിച്ചു കൊണ്ട് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചു വരെയുള്ള നാലര കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇടം പിടിച്ചിരിക്കുന്നത്.
ഇരു കൈ കാലുകളും ബന്ധിച്ച് നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അഭിനവ് സുജിത്ത്.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ മുഖ്യ നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ ആണ് അഭിനവിന്റെ നീന്തൽ ഗുരു.പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ആഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ് ഈ നീന്തൽ പ്രതിഭ. ശനിയാഴ്ച രാവിലെ ചേർത്തല തവണക്കടവിൽ നടന്ന ചടങ്ങിൽ
ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് , വാർഡ് മെമ്പർ മിനിമോൾ സുരേന്ദ്രൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു.
അഭിനവ് സുജിത്തിന്റെ സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകാലുകളിലെ ബന്ധനം കോതമംഗലം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശനും , കോതമംഗലം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനൂപ് ജോർജും ചേർന്ന് അഴിച്ചു മാറ്റി. തുടർന്ന് നടന്ന അനുമോദന സമ്മേളനം കോതമംഗലം മുനി. വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ ഉദ്ഘാടനം ചെയ്തു .സി പി ഐ വൈക്കം ടൗൺ ലോക്കൽ സെക്രട്ടറി സി. എൻ . പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഭിനവിന്റെ സ്കൂൾ കായിക അദ്ധ്യാപകൻ മനു, നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
തവണകടവിൽ നിന്നും ഒരു മണിക്കൂൾ ഇരുപത്തി രണ്ടും മിനിറ്റ് നീണ്ടു നിന്ന സാഹസിക യാത്രയെ സ്വീകരിക്കുവാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു.