കോതമംഗലം : സ്വസ്ഥം ഗൃഹഭരണവുമായി കഴിഞ്ഞു കൂടിയ ഒരു സാധാരണ വീട്ടമ്മ സംസ്ഥാന, ദേശീയ തല പഞ്ചഗുസ്തി മത്സരങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിച്ച് ശ്രദ്ധേയയാവുന്നു. ഭാരം കുറയ്ക്കാനുള്ള വ്യായാമത്തിനായി കൗതുകത്തോടെ കൂട്ടുകാരികളോടൊത്ത് ആരംഭിച്ച പഞ്ചഗുസ്തി പരിശീലനം വീട്ടമ്മയെ എത്തിച്ചത് സ്വപ്ന തുല്യമായ നേട്ടങ്ങളിൽ. ഇക്കഴിഞ്ഞ ജനുവരി 4 ന് കോഴിക്കോട് നടന്ന 47-ാമത് സംസ്ഥാന ഗ്രാന്റ് മാസ്റ്റർ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലെ 80 കിലോയ്ക്കു മുകളിലുള്ള വനിതകളുടെ ഇടത്, വലതു കൈ വിഭാഗങ്ങളിൽ 2 വെങ്കല മെഡലുകളാണ് കോതമംഗലം,വാരപ്പെട്ടി ഇളങ്ങവം സ്വദേശി ആറ്റാച്ചേരിയിൽ ഷെല്ലി ജോയി നേടിയത്. 2024 ആദ്യത്തിൽ ഗോവയിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഇതേ വിഭാഗത്തിൽ പങ്കെടുത്ത ഷെല്ലി സ്വർണ്ണം നേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച ഗെയിംസിൽ കേരള ടീമിനു വേണ്ടിയാണ് ഷെല്ലി മത്സരിച്ചത്. ഗോവയിലെ സ്വർണ്ണ നേട്ടത്തോടെ ഈ മത്സരയിനത്തിൽ ശ്രദ്ധിക്കാനും കൂടുതൽ പരിശീലനം നേടാനും ശ്രമിക്കുകയായിരുന്നു. മുവാറ്റുപുഴ ഷേപ്പ് വെൽ ജിമ്മിലെ റീജ സുരേഷിന്റെ നിർദ്ദേശങ്ങളും പ്രോത്സാഹനവുമാണ് ഷെല്ലിക്ക് പ്രചോദനമായത്. അന്തർ ദേശീയ പുരസ്ക്കാര ജേതാക്കളായ പെരുമ്പാവൂർ ബിജുസ് ജിമ്മിലെ ബിജു, മൂവാറ്റുപുഴയിലെ ഫെസി മോട്ടി എന്നിവരുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.
വിവിധ സ്ഥലങ്ങളിൽ നടന്ന പ്രാദേശിക മത്സരങ്ങളിലും ഈ 56 കാരി നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
സ്വപ്ന തുല്യമായ ഈ നേട്ടത്തിനു പിന്നാലെ വാരപ്പെട്ടി ഗ്രാമ പഞ്ചായത്തും, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും അഭിനന്ദനങ്ങളുമായി എത്തിയതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഈ വീട്ടമ്മ. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രാദേശിക മത്സരങ്ങളിലും ഈ 56 കാരി നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പ്രവാസിയായ ജോയി വർഗ്ഗീസ് ആണ് ഭർത്താവ്. ഷിൽജ ജോയി, ഷിന്റോ ജോയി എന്നിവർ മക്കളാണ്.