കോതമംഗലം: പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ സൗകര്യമില്ലാത്ത കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 1058 കുട്ടികളാണ് താലൂക്കിൽ ഓൺലൈൻ സൗകര്യം ലഭ്യമാകാത്തവരായിട്ടുള്ളത്.
പിണ്ടിമനപഞ്ചായത്ത് 33,പൈങ്ങോട്ടൂർ പഞ്ചായത്ത് 28,കോതമംഗലം മുൻസിപ്പാലിറ്റി 282,വാരപ്പെട്ടി പഞ്ചായത്ത് 30,നെല്ലിക്കുഴി പഞ്ചായത്ത് 95,പല്ലാരിമംഗലം പഞ്ചായത്ത് 56,കോട്ടപ്പടി പഞ്ചായത്ത് 55,കീരംപാറ പഞ്ചായത്ത് 39,കവളങ്ങാട് പഞ്ചായത്ത് 140,കുട്ടമ്പുഴ പഞ്ചായത്ത് 296,പോത്താനിക്കാട് പഞ്ചായത്ത് 4 എന്നിങ്ങനെ 1058 കുട്ടികളുടെ ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്.ഇവർക്ക് ആവശ്യമായ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി മുഴുവൻ പബ്ലിക് ലൈബ്രറികളുടേയും ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് മീറ്റിങ്ങ് ചേരുകയും,ലൈബ്രറികൾക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കുന്നതിനു വേണ്ട നിർദേശവും പ്രദേശത്തെ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റും കൈമാറിയിട്ടുണ്ട്.
അതു പോലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി അധ്യക്ഷൻമാരുടെ അധ്യക്ഷതയിൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റി കമ്മിറ്റികൾ ചേർന്ന് വാർഡ് മെമ്പർമാർ/കൗൺസിലർമാർ വഴി അംഗൻവാടികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓൺലൈൻ ക്ലാസിനായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ട നിർദേശം നൽകിയിട്ടുണ്ട്.എസ് എസ് എയുടെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ വഴിയും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തും.
ബി ആർ സിയിൽ ഇന്ന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും പ്രദേശത്തെ ഓൺലൈൻ സൗകര്യമില്ലാത്ത 4 കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.ആദിവാസി മേഖലയിൽ ഊരുവിദ്യാകേന്ദ്രങ്ങൾ വഴിയും 5 എം ജി എൽ സികൾ വഴിയും ഓൺലൈൻ പഠനത്തിനു വേണ്ട സൗകര്യമൊരുക്കും. കൂടാതെ സാമൂഹ്യ പഠനമുറിയുടെ സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് കോളനിയിൽ നിന്നുള്ള വിദ്യാഭ്യാസമുള്ള 5 പേരെ വീതം തെരെഞ്ഞെടുത്ത് ഇവരുടെ നേതൃത്വത്തിൽ ക്ലാസ്സെടുക്കുന്നതിന് നിർദ്ദേശം നല്കിയിട്ടുണ്ട്.
കൂടാതെ വൈദ്യുതി ലഭ്യമല്ലാത്ത കോളനികളിൽ പ്രവർത്തിക്കുന്ന എം ജി എൽ സികളിൽ റെക്കോഡ് ചെയ്തു ക്ലാസ്സുകൾ ലാപ്ടോപ്പ് മുഖേന ലഭ്യമാക്കുന്നതിനു വേണ്ട സാധ്യതയും പരിശോധിക്കുമെന്നും,ഇതിനായി കോതമംഗലം മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള കൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം ജി എൽ സികളിൽ ലഭ്യമാക്കിയിട്ടുള്ള ഐ സി റ്റി ഉപകരണങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.