കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കാറ്റിൻ്റെ പാക്കിങ്ങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി റേഷൻ കടകളിലേക്ക് കൈമാറി. കോതമംഗലം ചെറിയപള്ളിയിൽ മുൻസിപ്പാലിറ്റിയിലെ 18 റേഷൻ കടകളിലേക്കായുള്ള പതിനോരായിരത്തോളം കാർഡുടമകൾക്കായുള്ള ഭക്ഷ്യധാന്യ കിറ്റിൻ്റെ പാക്കിങ്ങ് പ്രവർത്തനമാണ് സപ്ലൈകോ ജീവനക്കാരുടേയും,വൈദികരുടേയും,ചെറിയ പള്ളിയിലെ സന്നദ്ധ സംഘടനകളുടേയും മേൽനോട്ടത്തിൽ നടന്നു വരുന്നത്. ഇതിൽ പിങ്ക് റേഷൻ കാർഡുടമകൾക്കായുള്ള 2500 ഓളം കിറ്റുകളുടെ പാക്കിങ്ങ് ആണ് പൂർത്തിയായത്.
പാക്കിങ്ങ് പൂർത്തീകരിച്ച കിറ്റുകൾ ആന്റണി ജോൺ എംഎൽഎ എ ആർ ഡി 24,എ ആർ ഡി 30 എന്നീ റേഷൻ കടയുടമകൾക്ക് കൈമാറി.മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, കൗൺസിലർ ടീന മാത്യു,ഷോപ്പ് മാനേജർ സണ്ണി കെ എസ് തുടങ്ങിയവർ സന്നിഹിധരായിരുന്നു. പാക്കിങ്ങ് പൂർത്തീകരിച്ച ഭക്ഷ്യധാന്യ കിറ്റുകൾ ഇന്നും നാളെയുമായി മുൻസിപ്പാലിറ്റിയിലെ മുഴുവൻ റേഷൻ കടകളിലുമെത്തിക്കും. ഏപ്രിൽ 27 തിങ്കളാഴ്ച്ച മുതൽ വിതരണവും ആരംഭിക്കും.