പെരുമ്പാവൂർ : മുഖ്യമന്ത്രിയുടെ മകൾ വീണക്ക് സ്പ്രിങ്കളർ കമ്പനിയുമായി അടുത്ത ബന്ധമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ആറ് തവണയാണ് സ്പ്രിങ്കളർ സി.ഇ.ഒ രാജി തോമസുമായി വീണ കൂടിക്കാഴ്ച്ച നടത്തിയത്. ഇത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ഇത് അന്വേഷിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന്റെ മറവിൽ രോഗികളുടെ ഡേറ്റ വിദേശ കമ്പനിക്ക് കൈമാറുന്നത്തിന്റെ ആവശ്യം എന്താണെന്ന് എം.എൽ.എ ചോദിച്ചു. ഭാവിയിൽ ഈ രാജ്യത്തെക്കുള്ള വിസ നിഷേധിക്കുന്നതിനുള്ള കാരണം ആകും. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനിയുടെ ആസ്തി 100 കോടിക്ക് മുകളിൽ ആണ്. മുഖ്യമന്ത്രിയുടെ ഭാര്യയാണ് ഈ കമ്പനിയുടെ ഒരേയൊരു നോമിനി. അതിന്റെ അർത്ഥം മുഖ്യമന്ത്രിയാണ് ഈ കമ്പനിയുടെ ഉടമസ്ഥൻ എന്നാണ്. ചികിത്സയ്ക്കായി അമേരിക്കയിൽ പോയപ്പോൾ സ്പ്രിങ്കളർ സി.ഇ.ഒ രാജി തോമസിനെ മുഖ്യമന്ത്രി കണ്ടതായി സംശയിക്കുന്നതായും എം.എൽ.എ പറഞ്ഞു.
ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ചൂണ്ടിക്കാട്ടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. 7669879271 എന്ന നമ്പറിൽ നിന്നാണ് തന്റെ ഫോണിലേക്ക് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരാൾ വിളിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പരാതി രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു.