കോതമംഗലം: പിങ്ക് കാർഡുടമകൾക്കായുള്ള പി എം ജി കെ എ വൈ പ്രകാരമുള്ള സൗജന്യ അരി വിതരണത്തിന്റെയും,സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെയും തിയതികൾ പുന:ക്രമീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. അരി വിതരണം 22 ന് ആരംഭിച്ച് 26 ന് പൂർത്തീകരിക്കത്തക്ക രീതിയിലാണ് പുനർ ക്രമീകരണം നടത്തിയിട്ടുള്ളത്. കാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതമാണ് നൽകുന്നത്.
കടകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണത്തിന്റെ ഭാഗമായി 22 ന് 1-2,23 ന് 3-4,24 ന് 5-6,25 ന് 7-8,26 ന് 9-0 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന അക്കങ്ങളിലുള്ള റേഷൻ കാർഡുടമകളാണ് റേഷൻ വാങ്ങാൻ എത്തേണ്ടത്. ഏപ്രിൽ 22 മുതൽ തന്നെ പിങ്ക് കാർഡുകാർക്ക് സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും റേഷൻ കടകളിലെ തിരക്കും സ്ഥല പരിമിതിയും കണക്കിലെടുത്ത് കിറ്റുകളുടെ വിതരണം 27 ന് ആരംഭിക്കുന്ന തരത്തിലേക്കാണ് പുന:ക്രമീകരിച്ചിരിക്കുന്നത്.
റേഷൻ കാർഡിന്റെ അവസാന അക്കം അനുസരിച്ച് ആണ് ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും ക്രമീകരിച്ചിട്ടുള്ളത്. ഏപ്രിൽ 27 ന് 0,ഏപ്രിൽ 28 ന് 1,ഏപ്രിൽ 29 ന് 2,ഏപ്രിൽ 30 ന് 3,മെയ് 2 ന് 4,മെയ് 3 ന് 5,മെയ് 4 ന് 6,മെയ് 5 ന് 7,മെയ് 6 ന് 8,മെയ് 7 ന് 9 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന നമ്പറുകളിൽ ഉള്ള കാർഡുടമകളാണ് ഭക്ഷ്യ ധാന്യ കിറ്റ് വാങ്ങുവാൻ എത്തേണ്ടതെന്നും, പിങ്ക് കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിനു ശേഷം ബാക്കി കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തുമെന്നും എം എൽ എ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റേഷൻ സാധനങ്ങൾ വാങ്ങാനെത്തുന്നവർ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു.