കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി ടൌൺ യുപി സ്കൂളിൽ താമസിപ്പിച്ചരിക്കുന്ന തെരുവിന്റെ മക്കൾക്കൊപ്പം ആയിരുന്നു കോതമംഗലം എം എൽ എ ആന്റണി ജോൺ, മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, വൈസ് ചെയർമാൻ എ ജി ജോർജ്, കൗൺസിലർമാർ തുടങ്ങിയവർ വിഷു ആഘോഷിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉറ്റവരും ഉടയവരും ഇല്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന നിരവധിയായ ആളുകൾക്ക് ആശ്വാസമായി മാറുകയായിരുന്നു കോതമംഗലത്തെ ക്യാമ്പ്.
ഉറ്റവരും ഉടയവരുമില്ലാതെ തെരുവിൽ അലഞ്ഞ് നടന്നിരുന്ന ആളുകൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏറെ പ്രതിസന്ധിയിലായിരുന്നു. ഇത്തരത്തിൽ പ്രതിസന്ധിയിലായ പുരുഷൻമാരും സ്ത്രീകളുമടങ്ങുന്ന 26 പേരെയാണ് കോതമംഗലം ടൗൺ യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്. ഇവർക്ക് ആഹാരം, വസ്ത്രം, വൈദ്യസഹായമുൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിലുള്ള പലരും പ്രായാധിക്യം മൂലവും വിവിധ രോഗങ്ങൾ മൂലവും പ്രയാസമനുഭവിക്കുന്നവരാണ്. അതിനാൽ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ വൈദ്യപരിശോധനയും,പാലിയേറ്റീവ് കെയറും നൽകുന്നുണ്ട്. ക്യാമ്പിലുള്ളവരുടെ സംരക്ഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ നിത്യേന ഉറപ്പ് വരുത്തുന്നുണ്ട്.