കോതമംഗലം: ഇന്നലെയുണ്ടായ ശക്തമായ മഴയിലും,കാറ്റിലും കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്കും,കാർഷിക വിളകൾക്കും ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും,മഴയിലും കോതമംഗലം വില്ലേജിൽ 5 വീടുകൾ,കുട്ടമംഗലം വില്ലേജിൽ ഒരു വീട്,പിണ്ടിമന വില്ലേജിൽ ഒരു വീട്,പോത്താനിക്കാട് വില്ലേജിൽ ഒരു വീട് എന്നിങ്ങനെ 8 വീടുകൾക്ക് ഭാഗീകമായും,തൃക്കാരിയൂർ വില്ലേജിൽ ഒരു വീടിന് പൂർണ്ണമായും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.വിവിധ പഞ്ചായത്ത് / മുൻസിപ്പൽ പ്രദേശങ്ങളിൽ കാർഷിക വിളകൾക്കും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കോതമംഗലം മുൻസിപ്പാലിറ്റി,പല്ലാരിമംഗലം പഞ്ചായത്ത്,പൈങ്ങോട്ടൂർ പഞ്ചായത്ത്,പോത്താനിക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് വ്യാപക നാശ നഷ്ടമുണ്ടായിട്ടുള്ളത്. പ്രാഥമിക കണക്ക് അനുസരിച്ച് 37 കർഷകരുടെ വാഴ കുലച്ചത് 4800,കുലയ്ക്കാത്തത് 2200,റബ്ബർ 85,ജാതി 40 എന്നിങ്ങനെയാണ് നാശ നഷ്ടം.ബ്ലോക്ക് തലത്തിൽ 31,85,000 രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.നാശ നഷ്ടം സംഭവിച്ച പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ച് നാശ നഷ്ടങ്ങൾ വിലയിരുത്തി.
എംഎൽഎയോടൊപ്പം ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ സന്ധ്യ ദേവി,ആർ ഡി ഒ സാബു കെ ഐസക്,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ് എന്നിവരുമുണ്ടായിരുന്നു. നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് അടിയന്തിരമായി നഷ്ട പരിഹാരം ലഭ്യമാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നല്കി.