കോതമംഗലം: കോതമംഗലം താലൂക്കിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 137 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. 10 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് കിറ്റിലുള്ളത്. 4 കിലോ അരി,1 കിലോ എണ്ണ, 2 കിലോ ആട്ട, 2 കിലോ സവാള, 1.5 കിലോ ഉരുളക്കിഴങ്ങ് എന്നിവ അടങ്ങുന്ന കിറ്റാണ് ഓരോരുത്തർക്കും നല്കുന്നത്.
വിതരണം ചെയ്യുവാൻ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ MA കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച് പാക്കിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്. ആൻ്റണി ജോൺ MLA, RDO സാബു Kഐസക്, തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്, എന്നിവരുടെ മേൽനോട്ടത്തിൽ റവന്യൂ വകുപ്പ് ജീവനക്കാരാണ് ധാന്യക്കിറ്റ് പാക്കിങ്ങും വിതരണവും നടത്തുന്നത്, രാത്രി ഏറെ വൈകിയും ഇവിടെ ധാന്യക്കിറ്റ് പാക്കിങ്ങ് പ്രവർത്തനങ്ങൾ തുടരുകയാണ്.