നെല്ലിക്കുഴി : സാമൂഹ്യ അടുക്കളയിലൂടെ ആദ്യ ദിവസം 600 പേരെഊട്ടിയ നെല്ലിക്കുഴി പഞ്ചായത്തിന്റെ നന്മയ്ക്ക് പിൻബലമായത് ഹോട്ടൽ വ്യവസായിയും സാമൂഹ്യ സന്നദ്ധ പ്രവർത്തകനുമായ മീരാൻ ചാത്തനാട്ട് നൽകിയ വലിയ സംഭാവന. നെല്ലിക്കുഴി KTL ഓഡിറ്റോറിയം കലവറയാക്കിക്കൊണ്ട് വൻ സന്നാഹത്തോടെയാണ് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സോഷ്യൽ കിച്ചൻ യാഥാർത്ഥ്യമാക്കിയത്.
ഇതിന്റെ ആദ്യ ദിവസത്തെ ചിലവിന്റെ സ്പോൺസറായിട്ടാണ് നെല്ലിക്കുഴി ടൗണിലും കോതമംഗലം ബസ് സ്റ്റാന്റിനകത്തുമായി പ്രവർത്തിയ്ക്കുന്ന നാസ് ഹോട്ടലിന്റെ ഉടമ മീരാൻ ചാത്തനാട്ട് മുന്നോട്ടു വന്നത്. സാമൂഹ്യ അടുക്കളയുടെ ആരംഭം കുറിക്കൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യാപാരി വിഭാഗങ്ങളുമായി
കൂടിയാലോചിച്ച ഘട്ടത്തിൽ തന്നെ വൻ സാമ്പത്തിക ചിലവ് വരുന്ന കാര്യമാണെന്നറിഞ്ഞ് ഇതിന്റെ നന്മയും ഉപകാരവും അറിഞ്ഞ് ഈ വ്യവസായി പ്രതിസന്ധിക്കാലത്തെ
ഭാരിച്ചദൗത്യം സന്തോഷത്തോടുകൂടി ഏറ്റെടുത്തു.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്തംഭനത്തിലായിരിക്കുന്ന തന്റെ 2 ഹോട്ടലുകളിൽ നിന്നുള്ള ജീവനക്കാരെയും പാചക ഉപകരണങ്ങളും പാത്രങ്ങളും പല വ്യഞ്ജനങ്ങളും സജ്ജമാക്കിക്കൊണ്ട് KTL ഓഡിറ്റോറിയം കലവറയിൽ സാമ്പാറും അവിയലും തോരനുമടക്കമുള്ള 600 ഓളം പൊതിച്ചോറുകൾ രാവിലെ 11 മണിയോടെ റെഡിയാക്കി വച്ചു.
തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിനി രവി, വൈസ് പ്രസിഡന്റ് ഏ.ആർ.വിനയൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സഹീർ കോട്ടപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി എസ്.മനോജ്, നെല്ലിക്കുഴിയിലെ ദുരന്തനിവാരണ സമിതിക്ക് നേതൃത്വം നൽകുന്ന പി.എം.മജീദ്, കെ.ജി.ചന്ദ്രബോസ്, അസീസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദാ സലീമും ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. പരീതും സാമൂഹ്യ അടുക്കളയിൽ നിന്നുള്ള ആദ്യ വിളമ്പിലിന് സാക്ഷികളാകാൻ എത്തിയിരുന്നു. ഇവരുടെയെല്ലാം നേതൃത്വത്തിൽ ഓരോ പ്രദേശത്തേക്കുമുള്ള ഭക്ഷണപ്പൊതി വാർഡ് മെംബർമാരോടൊപ്പം എത്തിയ വളണ്ടിയർമാർക്ക് മുൻകൂർ ആവശ്യപ്പെട്ട ലിസ്റ്റനുസരിച്ച് എണ്ണിതിട്ടപ്പെടുത്തി നൽകിയതോടെ നെല്ലിക്കുഴിയിലെ സാമൂഹിക അടുക്കളയിൽ നിന്നുള്ള ആദ്യ വിതരണം കാര്യക്ഷമമായി തന്നെ നടന്നു.
തദ്ദേശിയരായ കുടുംബങ്ങളും നിരവധിഇതര സംസ്ഥാന തൊഴിലാളികളുമടക്കമുള്ളവർക്കാണ് ഭക്ഷണപ്പൊതികൾ ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി തന്നെ താമസ ഇടങ്ങളിൽ എത്തിച്ചു നൽകിയത്.
രാത്രിഭക്ഷണം ചപ്പാത്തിയും പച്ചക്കറിസ്റ്റൂവുമാണ് തയ്യാറാക്കി നൽകിയത്. ഞായറാഴ്ചത്തെ ഭക്ഷണത്തിന്റെ ചിലവ് പൂർണ്ണമായും വഹിക്കുന്നത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ്. തുടർദിവസങ്ങളിൽ മീരാൻ ചാത്തനാട്ടിന്റെ നല്ല മാതൃക പിന്തുടർന്ന് ഉദാരമതികൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.