കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ കഴിയാതെ വന്ന അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.നമ്മുടെ നാടിൻ്റെ വികസന മുന്നേറ്റത്തിൽ ഉൾപ്പെടെ നിർണ്ണായക പങ്ക് വഹിക്കുന്നവരായ അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണവും, സഹായവും ചെയ്തു കൊടുക്കുവാൻ എല്ലാവരും മുന്നോട്ട് വരണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നടപടി കൈക്കൊണ്ട് വരികയാണെന്നും എംഎൽഎ പറഞ്ഞു. കോതമംഗലം താലൂക്കിലെ അതിഥി തൊഴിലാളികളുടെ സംരക്ഷണം സംബന്ധിച്ച് മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന അടിയന്തിര യോഗത്തിൽ സംസാരിക്കുമ്പോൾ ആണ് എംഎൽഎ ഇക്കാര്യം സൂചിപ്പിച്ചത്.
താലൂക്കിലെ മുൻസിപ്പൽ/പഞ്ചായത്ത് പ്രദേശങ്ങളിൽ നിലവിലുള്ള അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്ക് ശേഖരിക്കുവാനും,ഇതിൽ ഭക്ഷണം ആവശ്യമുള്ളവരുടെ കണക്ക് പ്രത്യേകം ശേഖരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിൽ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നവർക്ക് അവരുടെ താമസ സ്ഥലത്ത് ഭക്ഷ്യ വസ്തുക്കൾ കിറ്റുകളിലാക്കി എത്തിക്കുന്നതിനു വേണ്ട ക്രമീകരണം ഏർപ്പെടുത്തണമെന്നും, വിവിധ സ്ഥാപനങ്ങളിലെ തൊഴിലുടമയുടെ സംരക്ഷണയിൽ താമസിക്കുന്നവരുടെ എല്ലാ നിലയിലുമുള്ള സംരക്ഷണം തൊഴിൽ ഉടമ ഉറപ്പുവരുത്തണമെന്നും അത് കൃത്യമായി പാലിക്കുന്നുണ്ട് എന്ന കാര്യം ബന്ധപ്പെട്ട തൊഴിൽ വകുപ്പും ഉറപ്പുവരുത്തണമെന്നും,ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കുന്ന കാര്യം ബന്ധപ്പെട്ട മുൻസിപ്പൽ/പഞ്ചായത്ത്, ആരോഗ്യ വിഭാഗം കൃത്യമായി ഉറപ്പു വരുത്തണമെന്നും,തൊഴിലില്ലാത്ത സാഹചര്യത്തിൽ ഇവർ അലസമായി കൂട്ടം കൂടുന്നില്ലെന്ന കാര്യം പോലീസ് മേധാവികളും ഉറപ്പുവരുത്തണമെന്ന് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്,മുൻസിപ്പൽ ചെയർപേഴ്സൺ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,ആർ ഡി ഒ,തഹസിൽദാർ തുടങ്ങി വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.യോഗത്തിൽ സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ച് കൃത്യമായ അകലം ഉറപ്പു വരുത്തിയാണ് ഇരിപ്പടം ക്രമീകരിച്ചിരുന്നത്.