കോതമംഗലം : വടാട്ടുപാറ പലവൻപടിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തി. വടാട്ടുപാറ കോളനിപ്പടി വീടികുന്നേൽ ബാബുവിന്റെ മകൻ അനീഷിന്റെ (37) മൃതദേഹമാണ് മൂന്നാം ദിവസമായ ഇന്നലെ കണ്ടുകിട്ടിയത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബന്ധുവിനും സുഹൃത്തിനുമൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി നീന്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെ മുതൽ ഉച്ചയ്ക്ക് 2.30 വരേയും അഗ്നിരക്ഷാസേനാ സ്കൂബാ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
നാട്ടുകാർ ബുധനാഴ്ച ഉച്ചയ്ക്കുശേഷം പുഴയുടെ ഇരുകരകളിലുമുള്ള വള്ളിപ്പടർപ്പുകൾക്കിടിയിലും പരിശോധന നടത്തി പിൻവാങ്ങുകയായിരുന്നു. ഇടമലയാർ വൈദ്യുത പദ്ധതിയുടെ പവർഹൗസിൽ നിന്ന് വെള്ളം എത്തുന്നത് നിയന്ത്രിച്ചാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. ഭൂതത്താൻകെട്ട് ബാരേജിന്റെ തുറന്നിരുന്ന ഷട്ടറുകളും അടച്ചിരുന്നു. പുഴയിലെ ശക്തമായ അടിയൊഴുക്കും അസഹ്യമായ തണുപ്പും പാറക്കെട്ടുകളും അടിത്തട്ടിൽ ഏറെനേരം തിരച്ചിൽ നടത്തുന്നതിന് പ്രതികൂലമായി. രണ്ടുദിവസമായി നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിൽ വിഫലമായിരുന്നു.
ഇന്നലെ വ്യാഴാഴ്ച്ച രാവിലെ മുതൽ പോലീസും നാട്ടുകാരും ചേർന്ന് പലവൻ പുഴയിലും പുഴയോരത്തെ പൊന്തക്കാടുകൾക്കുമിടയിൽ നടത്തിയ തെരച്ചിലിനൊടുവിൽ മൂന്നാം ദിവസം വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്താനായത്. ഇടമലയാർപുഴയും പൂയംകുട്ടിയാറും ചേരുന്ന ആനക്കയം ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടമ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ. അമ്മ: രാധ. സഹോദരങ്ങൾ: അജിത്ത്, അനിത, ശ്രീജ.