കോതമംഗലം – കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിൽ വാരിയം കോളനിയിൽ നിന്നും വന്യ മൃഗശല്യം മൂലം കണ്ടംപാറയിലേക്ക് മാറുകയും പിന്നീട് പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്ത 67 ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണത്തിന് നാളെ തുടക്കം കുറിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.വന്യമൃഗ ശല്യത്തെ തുടർന്ന് പന്തപ്രയിലേക്ക് പുനരധിവസിപ്പിച്ച 67 കുടുംബങ്ങൾക്കും പുനരധിവാസ നടപടിയുടെ ഭാഗമായി 2018ൽ ഓരോ കുടുംബത്തിനും 2 ഏക്കർ വീതം വനാവകാശ രേഖ നൽകുകയും വീട് വയ്ക്കുന്നതിനായി 15 സെന്റ് സ്ഥലത്തെ മരം മുറിച്ച് നീക്കുന്നതിന് അനുവാദം നൽകുകയും ചെയ്തിരുന്നു. ഇവിടെ വീട് വയ്ക്കുന്നതിനായി ഓരോ കുടുംബത്തിനും 6 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ട് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയ്ക്ക് വൈദ്യൂതീകരണത്തിന് 42,68,500/-രൂപ,മണ്ണ് റോഡ് നിർമ്മാണത്തിന് 37,50,000/-രൂപ,സോളാർ ഫെൻസിങ്ങിന് 8,05,000/- രൂപ എന്നിങ്ങനെ തുക അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തുണ്ടായിട്ടുള്ള കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ നാളെ ആരംഭിക്കുന്ന വീട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയതായും എംഎൽഎ അറിയിച്ചു.