കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയർ ആൻ്റ് റെസ്ക്യൂ സ്‌റ്റേഷൻ സർക്കാരിൻ്റെ പരിഗണയിലാണെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശവുമായ നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ബഹു:മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസ്തുത സ്ഥലം കോതമംഗലം നിലയത്തിൽ നിന്നും 20 കി മി ഉം,കല്ലൂർക്കാട് നിലയത്തിൽ നിന്നും 25 കി മി ഉം,ഇടുക്കി നിലയത്തിൽ നിന്നും 47 കി മി ഉം,മൂന്നാർ നിലയത്തിൽ നിന്നും 63 കി മി ഉം അകലെയാണെന്നും നിരവധി വ്യവസായ സ്ഥാപനങ്ങൾ,ഫാക്ടറികൾ,കെ എസ് ഇ ബി ലോവർ പെരിയാർ ഡാം,കരിമണൽ പവർ ഹൗസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രസ്തുത സ്ഥലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നതെന്നും പ്രദേശത്തു തുടർച്ചയായി മണ്ണിടിച്ചലും,ഉരുൾപൊട്ടലും പതിവായി ഉണ്ടാകുന്നതും സമീപ മേഖലയിൽ കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തിലും പ്രസ്തുത പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നേര്യമംഗലത്ത് പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്‌റ്റേഷൻ ആരംഭിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്‌റ്റേഷൻ ആരംഭിക്കുന്നതിനു വേണ്ടി വകുപ്പ് മേധാവി തയ്യാറാക്കിയ മുൻഗണന പട്ടികയിൽ നേര്യമംഗലം ഉൾപ്പെട്ടിട്ടുണ്ടെന്നും,വകുപ്പ് മേധാവി ലഭ്യമാക്കിയ സാധ്യത പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മുൻഗണന പട്ടിക സർക്കാർ പരിശോധിച്ച് വരികയാണെന്നും ബഹു: മുഖ്യമന്ത്രി ആൻ്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login