കോതമംഗലം: കോതമംഗലത്ത് പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം 2020 മെയ് മാസത്തോടെ പൂർത്തീകരിക്കാനാവുമെന്ന് ബഹു: രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും, ലഭ്യമാകുന്ന സൗകര്യങ്ങളും, സേവനങ്ങളും സംബന്ധിച്ച് ആൻറണി ജോൺ MLA ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു : മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഒൻപത് വില്ലേജുകൾ ഉൾക്കൊള്ളുന്ന കോതമംഗലം രജിസ്ട്രേഷൻ ഓഫീസിൽ വർഷം തോറും ഏകദേശം 6000 ത്തോളം ആധാരങ്ങളാണ് നടക്കുന്നതെന്നും എത്രയും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കോതമംഗലത്തെ രജിസ്ട്രേഷൻ കോംപ്ലെക്സിന്റെ താഴത്തെ നിലയുടെ പില്ലർ, സ്ലാബ് എന്നിവയുടെ നിർമ്മാണം പൂർത്തിയായതായും, രണ്ടാം നിലയുടെ പില്ലർ നിർമ്മാണം പുരോഗമിച്ചു വരികയാണെന്നും ബഹു: മന്ത്രി പറഞ്ഞു. താഴത്തെ നിലയിൽ പ്രിൻസിപ്പൽ സബ് രജിസ്ട്രാർ, ജോയിന്റ് സബ് രജിസ്ട്രാർ എന്നിവർക്കുള്ള റൂം, ഓഫീസ് സ്റ്റാഫ് റൂം, ഓഡിറ്റ് ആന്റ് ലൈബ്രറി റൂം, വരാന്ത, സ്റ്റാഫ് ഡൈനിങ്ങ് റൂം, ശുചി മുറികൾ, വികലാംഗർക്ക് കയറി വരുന്നതിനുള്ള റാംമ്പ്, പൊതുജനങ്ങൾക്കുള്ള വെയിറ്റിങ്ങ് റൂം, ശുചി മുറികൾ എന്നിവയും രണ്ടാം നിലയിൽ റെക്കാഡ് റൂം, അതിന്റെ ടെറസ്സിന്റെ ട്രസ്സ് വർക്കും മേൽക്കൂരയും ഉൾപ്പെടുത്തിയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളതെന്നും, നിർമ്മാണ പ്രവർത്തികൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ വഴിയാണ് നടപ്പിലാക്കുന്നതെന്നും നിർമ്മാണ പ്രവർത്തികൾ 2020 മെയ് മാസത്തോട് കൂടി പൂർത്തീകരിക്കുവാൻ കഴിയുമെന്നും ബഹു :രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ആന്റണി ജോൺ എംഎൽഎ യെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login