കോതമംഗലം – കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീരാമവിലാസം ചവളാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നെല്ലിക്കുഴി തീർത്ഥാടനം സർക്കാരിന്റെ പിൽഗ്രിം ടൂറിസത്തിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബഹു: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലത്ത് നെല്ലിക്കുഴി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ശ്രീരാമ വിലാസം ചവളാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഴനി ക്ഷേത്രം മുതൽ നെല്ലിക്കുഴി ക്ഷേത്രം വരെയുള്ള വിവിധ സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിച്ച് സാമൂഹ്യ തിന്മകൾക്കെതിരെ ബോധവത്കരണം നടത്തി സംഘടിപ്പിച്ച് വരുന്ന നെല്ലിക്കുഴി തീർത്ഥാടനം സർക്കാരിന്റെ പിൽഗ്രിം ടൂറിസത്തിൽ ഉൾപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് മാസ്റ്റർ പ്ലാൻ സഹിതം ഭാരവാഹികൾ സമർപ്പിച്ചിട്ടുള്ള നിവേദനത്തിൽ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.നെല്ലിക്കുഴി തീർത്ഥാടനത്തിന് ഫണ്ട് അടക്കം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമ വിലാസം ചവളാർ സൊസൈറ്റി സമർപ്പിച്ച നിവേദനം ലഭിച്ചിട്ടുണ്ടെന്നും, പ്രസ്തുത നിവേദനം പരിശോധിച്ച് പദ്ധതിയുടെ സാധ്യത,സ്ഥല ലഭ്യത മുതലായവ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ബഹു:ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login