കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടികവർഗ്ഗക്കാർക്ക് ജനന സർട്ടിഫിക്കറ്റ് പട്ടികവർഗ്ഗ പ്രൊമോട്ടർമാർ, ഹെൽത്ത് പ്രൊമോട്ടർമാർ എന്നിവർ മുഖേന ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായി ബഹു:എസ് സി/എസ് റ്റി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികളിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് അടക്കമുള്ള രേഖകൾ ലഭ്യമാക്കുവാൻ ബന്ധപ്പെട്ട കോളനികളിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും, 2018 ൽ ലീഗൽ സർവ്വീസ് സൊസൈറ്റിയുമായി ചേർന്ന് ക്യാമ്പ് സംഘടിപ്പിച്ചിരുന്നെങ്കിലും പങ്കാളിത്തക്കുറവ് മൂലം പ്രസ്തുത രേഖകൾ പൂർണ്ണമായും വിതരണം ചെയ്യുവാൻ കഴിയാത്ത കാര്യവും ആന്റണി ജോൺ എംഎൽഎ ബഹു:മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ശേഷിക്കുന്നവർക്കായ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് തുടർ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും ഇവർക്ക് ജനന സർട്ടിഫിക്കറ്റ് പട്ടികവർഗ്ഗ പ്രൊമോട്ടർമാർ വഴിയും ഹെൽത്ത് പ്രൊമോട്ടർമാർ വഴിയും ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ മന്ത്രിയോട് അവശ്യപ്പെട്ടു. കഴിഞ്ഞ മാസം കുട്ടമ്പുഴയിൽ വച്ച് നടന്ന ക്യാമ്പിൽ 128 പേർക്ക് ആധാർ കാർഡ് ലഭ്യമാക്കിയതായും, കുഞ്ചിപ്പാറ, തലവച്ചപാറ കോളനിയിലുള്ളവർക്കായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കല്ലേലിമേട്ടിൽ വച്ച് ആധാർ ക്യാമ്പ് സംഘടിപ്പിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബഹു:മന്ത്രി ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.
You must be logged in to post a comment Login