കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വനാവകാശ രേഖ ലഭ്യമാക്കുമെന്ന് ബഹു: പട്ടികജാതി/വർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ താമസിക്കുന്ന എത്ര ആദിവാസി കുടുംബങ്ങൾക്ക് നിലവിൽ വനാവകാശ രേഖ കൈമാറിയിട്ടുണ്ടെന്നും, ഇനി എത്ര കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറാനുണ്ടെന്നും, ഇവർക്ക് വനാവകാശ രേഖ കൈമാറുന്നതിനു എന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടോയെന്നും സാങ്കേതിക തടസ്സങ്ങളും കാലതാമസ്സവും ഒഴിവാക്കി മുഴുവൻ കുടുംബങ്ങൾക്കും വനാവകാശ രേഖ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികളിൽ ജില്ലാ സമിതി പാസ്സാക്കിയ 1105 അപേക്ഷകളിൽ 1061 പേർക്ക് വനാവകാശ രേഖ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 44 പേരുടെ വനാവകാശ രേഖകൾ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും ജില്ലാ സമിതി പാസ്സാക്കിയാൽ വിതരണം ചെയ്യുവാനുള്ള 44 പേരുടെ വനാവകാശ രേഖകൾ വീതരണം ചെയ്യുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും, കൈവശാവകാശ രേഖ തയ്യാറാക്കുന്ന വെബ് സൈറ്റ് തകരാറിലായതിനാൽ മാന്വലായി കൈവശരേഖ തയ്യാറാക്കി നല്കുന്നതിനുള്ള തുടർ നടപടി സ്വീകരിച്ചു വരികയാണെന്നും, 2005 ഡിസംബർ 13 നു മുൻപ് വനഭൂമി കൈവശം വച്ചിട്ടുള്ളവർക്ക് നിയമാനുസൃതം വനാവകാശ രേഖ ലഭ്യമാക്കുന്നതിനു വേഗത്തിൽ നടപടി സ്വീകരിക്കുമെന്നും ബഹു: പട്ടികജാതി/വർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login