കോതമംഗലം: ചരിത്രമുറങ്ങുന്ന കോതമംഗലം ചെറിയ പള്ളിയും ബസേലിയോസ് എൽദോ ബാവയുടെ കബറിടവും നിലവിലുള്ള വിശ്വാസത്തിലും ആചാരത്തിലും തുടർന്നും നിലനിർത്തുവാൻ കോതമംഗലം നാട് ഒരു മനസ്സോടെ കൈകോർക്കുന്നു. കോതമംഗലം പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് നിദാനമായ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഖബറിടം നിലകൊള്ളുന്ന മാർ തോമ ചെറിയ പള്ളി അടച്ചുപൂട്ടിയ്ക്കുന്നതിന് ഒരു വ്യക്തിയുടെ ഗൂഢനീക്കത്തിന് എതിരെ മതമൈത്രി ദേശ സംരക്ഷണയാത്ര സംഘടിപ്പിക്കുകയാണ്. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് 2019 നവംബർ 2, 3 തീയതികളിൽ രഥയാത്രയും 4 ന് സമാപനവും സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ പരിശുദ്ധ ബാവായുടെ ഖബറിടത്തിൽ ചിത്രം അലങ്കരിച്ച രഥം നിരവധി വാഹനങ്ങളുടേയും വിശ്വാസികളുടേയും അകമ്പടിയോടുകൂടി കോതമംഗലം താലൂക്കിലേയും കുന്നത്ത്നാട് താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലേയും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരും.
2019 നവംബർ 2 മുതൽ 4 വരെയുള്ള ദിനങ്ങളിലാണ് വിവിധ കേന്ദ്രകളിലൂടെ യാത്ര നടത്തുന്നത്. നവംബർ 2 ശനിയാഴ്ച വൈകിട്ട് 3ന് നേര്യമംഗലത്ത് നിന്നാണ് രഥയാത്ര ആരംഭിക്കുന്നത്. തലക്കോട്, ഊന്നുകൽ, നെല്ലിമറ്റം, കിഴക്കേ കുത്തുകുഴി, പോത്താനിക്കാട്, വാരപ്പെട്ടി, മുളവൂർ, തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാരക്കുന്നത്ത് സമാപിക്കും. രണ്ടാം ദിനം കുറുപ്പംപടിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഓടക്കാലി, വേങ്ങൂർ, കോട്ടപ്പടി, ചേറങ്ങനാൽ, ചെങ്കര, പുന്നേക്കാട്, കീരംപാറ എന്നിവിടങ്ങളിലൂടെ മത മൈത്രി സന്ദേശം പകർന്ന് നൽകി കൊണ്ട് ചേലാട് ഇരപ്പുങ്കലിൽ സമാപിക്കും. സമാപന ദിനമായ 4ന് കോതമംഗലം ടൗൺ ചുറ്റികൊണ്ട് വൈകിട്ട് 4.30ന് ചെറിയ പള്ളിത്താഴത്ത് യാത്ര എത്തിച്ചേരും. തുടർന്ന് ദേശ സംരക്ഷണ സമ്മേളനം ചേരും. സമ്മേളനത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
യൽദോ ബാവയുടെ തിരുകബറിന്റെ ചിത്രം പതിച്ച രഥമായിരിക്കും മതമൈത്രി സംരക്ഷണയാത്രയുടെ മുന്നിൽ സഞ്ചരിക്കുക. അതിന് പിന്നാലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജാതിയോ മതമോ നോക്കാതെ കോതമംഗലത്തെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സുമനസ്സുകൾ അണിചേരും. രഥയാത്രയുടെ മുന്നോടിയായി കേരള പിറവി ദിനത്തിൽ ചെറിയ പള്ളിത്താഴത്ത് വിവിധ തുറകളിലുള്ളവരുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. രാവിലെ 9ന് ഉപവാസ സമരം കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഇതിനൊടൊപ്പം രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് കോതമംഗലത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിനെതിരെ ഭീമഹർജി സമർപ്പിക്കും.
You must be logged in to post a comment Login