കോതമംഗലം: ഹൈറേഞ്ച് ജംഗ്ഷൻ മുതൽ ഇലവുംപറമ്പ് വരെയും,അമ്പലപറമ്പ് മുതൽ മലയിൻകീഴ് വരെയും പഴയ 300 എംഎം എസി പൈപ്പ് മാറ്റി പുതിയ 300 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കുന്ന 2.85 കോടി രൂപയുടെ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 59 ലക്ഷം രൂപ റോഡ് റീ സ്റ്റോറേഷൻ ചാർജായി പൊതുമരാമത്ത് വകുപ്പിലേക്ക് അടച്ചതായും വേഗത്തിൽ പ്രവർത്തി ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഹൈറേഞ്ച് ജംഗ്ഷൻ മുതൽ ഇലവുംപറമ്പ് വരെയുള്ള പ്രദേശങ്ങളിൽ സ്ഥിരമായി പൈപ്പ് പൊട്ടുന്നതുമൂലം പലയിടത്തും തുടർച്ചയായി കുടിവെള്ള പ്രശ്നമുണ്ടാകുന്ന സാഹചര്യമാണുണ്ടായിരുന്നത്. മാത്രമല്ല നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന വഴിയിൽ വ്യാപകമായി പൈപ്പ് പൊട്ടുന്നതുമൂലം റോഡിന് തകർച്ച സംഭവിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുവാൻ 2.85 കോടി രൂപ അനുവദിച്ചതെന്നും, പ്രസ്തുത പ്രവർത്തി പൂർത്തിയാകുന്നതോടൊപ്പം തന്നെ ഹൈറേഞ്ച് ജംഗ്ഷൻ മുതൽ ചേലാട് വരെ ആധുനിക നിലവാരത്തിൽ റോഡ് നവീകരിക്കുന്ന പ്രവർത്തി ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പ്രസ്തുത പ്രവർത്തിക്കായി 3കോടി 80 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തിലും പൈപ്പ് ലൈൻ മാറ്റുന്ന പ്രവർത്തി ആരംഭിക്കാതിരുന്നതിനാൽ റോഡ് നിർമ്മാണം നീണ്ടു പോകുകയായിരുന്നു. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയോടൊപ്പം തന്നെ റോഡ് നവീകരണ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
You must be logged in to post a comment Login