കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) 1750 കോടി രൂപ അനുവദിച്ചിരുന്നു. (NH others ) നാഷണൽ ഹൈവേ അദ്ദേർസ് എന്ന പ്രത്യേക പരിഗണനയിൽ പ്രധാനപ്പെട്ട പദ്ധതികൾ അനുവദിക്കുന്ന ഗണത്തിലായിരുന്നു അന്ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചിരുന്നത്. ഈ ഗണത്തിൽ അനുവദിക്കപ്പെടുന്ന പദ്ധതികൾ അതാത് സാമ്പത്തിക വർഷം പൂർത്തീകരിക്കുന്നതിന് മുമ്പ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഫണ്ട് വിനിയോഗം ആരംഭിക്കുകയും വേണം. എന്നാൽ 2023 -2024 സാമ്പത്തിക വർഷത്തിൽ അനുവദിച്ചതുക ആ വർഷം തന്നെ ഭൂമിയേറ്റെടുക്കലിനും, നിർമ്മാണത്തിനുമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല..
സ്ഥലമേറ്റടുത്ത് നൽകൽ സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ആകെ പൂർത്തിയാക്കിയത് 4.5 കി.മീ വരുന്ന മുവാറ്റുപുഴ (കടാതി മുതൽ കാരക്കുന്നം) ബൈപ്പാസിനും, 3.5 കി.മീ ദൈർഘ്യം വരുന്ന കോതമംഗലം( മാതിരപ്പിള്ളി- അയ്യങ്കാവ്) ബൈപ്പാസിനും അതിർത്തി കല്ലിടൽ മാത്രമാണ്. 2024 മാർച്ച് 30 ന് മുമ്പ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 3D വിജ്ഞാപനവും പൂർത്തിയാക്കി ഫണ്ട് വിനിയോഗം ആരംഭിക്കേണ്ടിയിരുന്നു. അക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗമായുള്ള ലാൻ്റ് അക്വിസഷൻ ആയി നിയോഗിക്കപ്പെട്ടിട്ടുള്ള CALA (competent authority for Land aquisition) വിഭാഗത്തിന് വലിയ വീഴ്ച്ചയാണ് സംഭവിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി NHAl ചെയർമാൻ പലകുറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വേണ്ടത്ര ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. ഒടുവിൽ 3D, വിജ്ഞാപനം പുറത്തിറക്കാനായുളള സർവ്വേ നടപടികൾ പൂർത്തിയാക്കിയത് 2024 ഏപ്രിൽ മാസമായിരുന്നു.. സാമ്പത്തിക വർഷം കഴിഞ്ഞതിനാൽ മുൻ സാമ്പത്തിക വർഷം അനുവദിച്ചതുക ഉപയോഗിക്കാൻ കഴിയാതെയായി.
തുടർന്നു വന്ന 2024-25 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേതിനേക്കാൾ സാമ്പത്തിക പരിമിതി വരികയും, ലാൻ്റ് അക്വിസിഷനായി സംസ്ഥാനം കണ്ടെത്തിയ 385 കോടി രൂപ പൂർണ്ണതോതിൽ അനുവദിക്കാനാവില്ലെന്നുമായി ആ ഘട്ടത്തിൽ കേന്ദ്ര സർക്കാർ. സംസ്ഥാനത്തോട് പകുതി തുക ചിലവഴിക്കാൻ ആവശ്യമുന്നയിച്ചെങ്കിലും സംസ്ഥാന സർക്കാർ അതിന് തയ്യാറായില്ല. പിന്നീട് NHAl ചെയർമാൻ 2024 നവംബറിൽ 385 കോടി രൂപക്ക് മുകളിൽ തുക ഭൂമി ഏറ്റെടുക്കലിനായി ആവശ്യം വന്നാൽ , സംസ്ഥാനം വഹിക്കുമോ എന്ന് ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. ആ ഘട്ടത്തിൽ സംസ്ഥാന സർക്കാർ അതിനും വിസമ്മതം അറിയിച്ചു കൊണ്ട് മറുപടി കത്ത് നൽകി. തുടർന്ന് മുഖ്യമന്ത്രിയും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയും തമ്മിൽ കൂടിചേർന്ന യോഗത്തിലും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഇതേ നിലപാട് ഇക്കാര്യത്തിൽ ആവർത്തിച്ചു. അതോടെ ഈ നിലയിൽ ബൈപ്പാസ് റോഡ് പദ്ധതി നടക്കില്ലെന്ന് ഉറപ്പായി.
2024 ഡിസംബർ 7 ന് 3 A വിജ്ഞാപനം പുറപ്പെടുവിച്ചതിൻ്റെ ഒരു വർഷ കാലാവധി പൂർത്തിയായി.
തുടർന്ന് കേന്ദ്രവും, കേരളവും തമ്മിൽ നടന്ന ചർച്ചയിൽ ദേശീയപാത വികസനത്തിനായി സെൻട്രൽ ഗവൺമെൻ്റ് ചിലവഴിക്കേണ്ട GST യും , റോയൽട്ടിയും ഒഴിവാക്കുന്നതിന് പരസ്പര ധാരണയായി. അതോടെ തുടർന്ന് ഉള്ള ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിനായി മുഴവൻ തുകയും കേന്ദ്രം തന്നെ മുടക്കാമെന്ന് ധാരണയായതാണ് പ്രസ്തുത ബൈപ്പാസ് പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കാൻ കാരണമായിട്ടുള്ളത്. അതോടെ പുതിയ DPR , (ഭൂമി ഏറ്റെടുക്കൽ തുക പരമാവധി നിയന്ത്രിച്ച് നിർത്താൻ തക്കവണ്ണം ഉചിതമായത്) തയ്യാറാക്കുന്നതിനായി NHAI കൺസൽട്ടൻസിയെ ടെൻ്റർ നടപടിയിലൂടെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻസി ഇത്തരുണത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2 മാസത്തിനുള്ളിൽ തന്നെ പുതുക്കിയ DPR തയ്യാറാക്കി NHAI ക്ക് സമർപ്പിക്ക തക്ക വിധത്തിൽ ആണ് നിർദേശം നൽകിയിട്ടുള്ളത്. 1994 മുതൽ ഉയർന്നുവന്ന മുവാറ്റുപുഴ,കോതമംഗലം ബൈപ്പാസ് പദ്ധതികൾ ഈ പ്രാവശ്യം നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ നടപടിക്രമങ്ങൾ.

























































