കോതമംഗലം: റോഡ് സുരക്ഷാ സംരംഭങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ASRTU, SBI KOTHAMANGALAM BRANCH എന്നിവരുടെ സഹകരണത്തോടെ ഡ്രൈവേഴ്സ്ഡേയായി (‘വാക്കുകളില്ലാതെ വഴി ഒരുക്കുന്നവര്‍ യാത്രികരുടെ മനസ്സറിയുന്നവര്‍’)ആചരിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു അധ്യക്ഷയായി. കെഎസ്ആര്‍ടിസി കോതമംഗലം യൂണിറ്റിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഡ്രൈവര്‍മാരായ അനില്‍ സി എ, അരുണ്‍ കെ.കെ, സിജോ മാത്യു എന്നിവര്‍ക്ക് മൊമന്റോ കൈമാറി.
സര്‍വീസ് കാലയളവിലെ അപകടരഹിത ഡ്രൈവിംഗ്, നാളിതുവരെ ഗുരുതരമായ അച്ചടക്ക നടപടികള്‍ നേരിടാത്തവര്‍, യാത്രക്കാരില്‍ നിന്നും യാതൊരുവിധ പരാതികളും ഉണ്ടാക്കാത്തവര്‍, കൃത്യമായി ജോലിക്ക് ഹാജരാകുന്നവര്‍, ഡീസല്‍ സേവിങ്സ് എന്നീ മാനദണ്ഡങ്ങള്‍ നോക്കിയാണ് മികച്ച ഡ്രൈവര്‍മാരെ തിരഞ്ഞെടുത്തത്. കൂടാതെ കോതമംഗലം യൂണിറ്റില്‍ കണ്ടക്ടര്‍ വിഭാഗത്തില്‍ യാത്രക്കാരോട് നല്ല രീതിയില്‍ പെരുമാറിയ അനസ് കരീമിനെ ഷാള്‍ അണിയിച്ച് ആദരിച്ചു.
കോര്‍പ്പറേഷന്റെ പ്രശംസ പത്രം ജീവനക്കാര്‍ക്ക് കോതമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് പ്രിന്‍സ് വര്‍ക്കി, പ്രതിപക്ഷ നേതാവ് സി പി എസ് ബാലന്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ഷിബു കുര്യാക്കോസ് എന്നിവര്‍ നല്‍കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.ചടങ്ങില്‍ ബേബി പൗലോസ്,കോതമംഗലം കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജെ നിജാമുദീന്‍, ജനറല്‍ സി ഐ അനസ് ഇബ്രാഹിം, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ ജോണ്സണ് ജോസഫ്, സ്പെഷ്യല്‍ അസിസ്റ്റന്റ് പ്രീറ്റ്സി പോള്‍ എന്നിവര്‍ പങ്കെടുത്തു.






















































