കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മേളനം, ന്യൂഡല്‍ഹി ഇന്റര്‍ യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. അവിനാഷ് ചന്ദ്ര പാണ്ഡെ ഉദ്ഘാടനം ചെയ്തു.
കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എംഎ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.കോളജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. സെമിനാറിന്റെ പ്രബന്ധ സമാഹാരം കേരള മാത്തമാറ്റിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എ. കൃഷ്ണമൂര്‍ത്തി പ്രകാശനം ചെയ്തു.
പ്രശസ്തമായ മേരി ക്യൂറി സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ പൂര്‍വവിദ്യാര്‍ത്ഥിനി മരിയ പീറ്ററെ ചടങ്ങില്‍ ആദരിച്ചു. കേരള മാത്തമാറ്റിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എ. കൃഷ്ണമൂര്‍ത്തി, യുകെ കീല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ. ഉച്ചെന്ന ഡാനിയല്‍ അനി, സെമിനാര്‍ കണ്‍വീനര്‍ ഡോ. രാജേഷ് കെ. തുമ്പക്കര, കോര്‍ഡിനേറ്റര്‍ ഡോ. നിധി പി. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍ പ്രമുഖ ഡാറ്റാ, ക്വാണ്ടം ശാസ്ത്രഞ്ജന്‍ മുംബൈ ഘാന ലാബിലെ ഡോ. ഉത്പല്‍ ചക്രവര്‍ത്തി, ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനിലെ ഇ.വി. ജിജോ, കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ ദിവ്യ സിന്ധു ലേഖ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സെമിനാറില്‍ ഡാറ്റാ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന സെമിനാര്‍ നാളെ സമാപിക്കും.





















































