കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലും കല്ലേലിമേട്ടിലും വീണ്ടും കാട്ടാനശല്യം രൂക്ഷം. കല്ലേലിമേട്ടില്‍ വീടും പന്തപ്രയില്‍ കൃഷിയും നശിപ്പിച്ചു. കൊളമ്പേല്‍ കുട്ടി-അമ്മിണി ദമ്പതികളുടെ വീടിന് നേരേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ മേല്‍ക്കൂരയ്ക്കും ഭിത്തികള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. കുട്ടിയും അമ്മിണിയും മകന്റെ വീട്ടിലായിരുന്നു. ബലക്ഷയം സംഭവിച്ചതോടെ വീട് വാസയോഗ്യമല്ലാതായിട്ടുണ്ട്.
പന്തപ്ര ആദിവാസി നഗറില്‍ ആനകള്‍ നിരവധി കുടുബങ്ങളുടെ കൃഷികള്‍ നശിപ്പിച്ചു. കാണിക്കാരന് കണ്ണന് മണിയുടെ അഞ്ച് തെങ്ങും പത്ത് കമുകും നിരവധി വാഴകളും നശിപ്പിച്ചിട്ടുണ്ട്. മൂപ്പന് കുട്ടന് ഗോപാലന്റെ ഉൾപ്പെടെ നിരവധി പേരുടെ തെങ്ങും വാഴയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
രണ്ട് ദിവസമായി പന്തപ്രയില്‍ ആന ശല്യം രൂക്ഷമാണ്. ഇതിന് മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ച കുടുബങ്ങളാണ് ആദിവാസി നഗറിലുള്ളത്. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം വേണമെന്ന ആവശ്യമാണ് കുടുബങ്ങള്‍ ഉന്നയിക്കുന്നത്.
പേരക്കുത്തിൽ പ്ലാന്റേഷനിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കണ്ടെത്താനായില്ല
കോതമംലം: ഊന്നുകല്ലിന് സമീപം പേരക്കുത്തിൽ വനംവകുപ്പിന്റെ പ്ലാന്റേഷനിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കണ്ടെത്താനായില്ല. ആര്‍ആര്‍ടിയും നാട്ടുകാരും ചേര്‍ന്ന് ആനകളെ തുരത്താന്‍ ഇന്നലെ രാവിലെ മുതൽ തെരച്ചിൽ നടത്തിയിരുന്നു. ആനകളെ തുരത്താൻ മറ്റൊരുദിവസം വീണ്ടും ദൗത്യം ഉണ്ടാകുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ആനകള്‍ ജനവാസമേഖലയിറങ്ങി നാശനഷ്ടം ഉണ്ടാക്കുകയും ജനങ്ങളില്‍ ഭീതി പരത്തുകയും ചെയ്യുന്നുണ്ട്.
ഇതേതുടര്‍ന്നാണ് ആവാസമേഖലയായ ഇഞ്ചത്തൊട്ടി വനത്തിലേക്ക് ആനകളെ തുരത്താന്‍ തീരുമാനമെടുത്തത്. നേരത്തെ ഇവിടെ നാല് ആനകളാണുണ്ടായിരുന്നത്.ഇതില്‍ ഒരെണ്ണം വനത്തിലേക്ക് മടങ്ങിയതായി നിരീഷണ കാമറയിലൂടെ കണ്ടെത്തി. രണ്ട് കൊമ്പനാനകളും ഒരു പിടിയാനയുമാണ് ഇപ്പോള്‍ പ്ലാന്റേഷനിലുള്ളത്.



























































