കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി ഉദ്യോഗസ്ഥർ.
എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന്റെ ആറാം ദിനമായ ഞായറാഴ്ച രാവിലെ ഉന്നതിയിലെ ഊരു മൂപ്പൻ മാധവൻ മൊയ്‌ലിക്ക് ആദ്യ എന്യൂമറേഷൻ ഫോം നൽകിയാണ് എസ്. ഐ.ആർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാൽപതോളം വീടുകളിലായി 112 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്.
തുടർന്ന് ഉന്നതിയിലെ എല്ലാ വീടുകളും സന്ദർശിച്ച് ഫോമുകൾ വിതരണം ചെയ്യുകയും, മുഴുവൻ വോട്ടർമാരുടേയും പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ ശേഖരിക്കുകയും ചെയ്തു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, കോതമംഗലം തഹസിൽദാർ എം. അനിൽകുമാർ, ബൂത്ത് ലെവൽ ഓഫീസർ ഒ. പി. ജോയി
എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിൻ്റെയും, എൻ.സി.സി യൂണിറ്റിൻ്റേയും പങ്കാളിത്തത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്.



























































