ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക ആദരവ്, ഹരിത കർമ്മ സേന പ്രവർത്തന മികവ്, ധീരതക്കുള്ള അവാർഡ്, മറ്റ് ഇതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവരെ കൂടി കണ്ടെത്തി ഷാൾ അണിയിച്ച്, ക്യാഷ് അവാർഡും, ഉപഹാരവും നൽകി ആദരിച്ചു. കോതമംഗലം എം എൽ എ ആൻ്റണി ജോൺ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ നാടിൻ്റെ വാഗ്ദാനങ്ങൾ ആണെന്നും, കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും, മറ്റ് പൊതു മേഖലകളിലെ പ്രവർത്തന മികവ് പുലർത്തുന്നവരെ കൂടി സമൂഹത്തിന്റെ മുന്നിൽ ചേർത്ത് പിടിക്കുന്ന ബാങ്കിന്റെ ഇത് പോലുള്ള പ്രവർത്തനങ്ങൾ ഏറെ ശ്രേഷ്ഠകരമാണെന്നും, ഇങ്ങനെയുള്ള കാര്യങ്ങളിൽ ബാങ്ക് എന്നും മുൻപന്തിയിൽ നിന്ന് കൊണ്ട് എല്ലാവർക്കും മാതൃകയാണെന്നും എം.എൽ.എ. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബാങ്ക് പ്രസിഡൻ്റ് എം.എസ് പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിബു പടപറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ അസി. എഡ്യൂക്കേഷൻ ഓഫീസർ സജീവ് കെ.ബി., കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ.സാം പോൾ, കൃഷി ഓഫീസർ സജി.കെ.എ., ഭരണസമിതി അംഗങ്ങളായ ജോയി പോൾ, വി.സി. മാത്തച്ചൻ, ജോസഫ് ജോർജ്, അഭിലാഷ് കെ.ഡി, ഹൈദ്രോസ് പി.എം, ലിസി ജോയി, സോണിയ കിഷോർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് തോമസ് പോൾ സ്വാഗതവും സെക്രട്ടറി കെ.കെ. ബിനോയി കൃതജ്ഞതയും പറഞ്ഞു.
