കോതമംഗലം: കനത്ത മഴയില്‍ കുടമുണ്ടപാലത്തില്‍ കുത്തൊഴുക്കില്‍പ്പെട്ട കാര്‍ യാത്രികനെ രക്ഷപെടുത്തി. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത പേമാരിയില്‍ അപ്രതീഷിതമായാണ് കുടമുണ്ട പാലം വെള്ളത്തിലായത്. പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയില്‍തട്ടി നിന്നതാണ് രക്ഷയായത്. അല്ലെങ്കില്‍ കാര്‍ പുഴയിലേക്ക് മറിയുമായിരുന്നു. കാര്‍ ഓഫായതിന് പിന്നാലെ ഡ്രൈവര്‍ പുറത്തിറങ്ങിയിരുന്നു. രാത്രിപത്തരയോടെയാണ് സംഭവം. നാട്ടുകാര്‍ വടംകൊണ്ട് കെട്ടി കാര്‍ പിടിച്ചുനിറുത്തി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് കരയിലെത്തിച്ചത്.
കുത്തുകുഴി സ്വദേശിയുടേതാണ് കാര്‍. ഡ്രൈവര്‍ മാത്രമെ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു. മറുകരയിലേക്ക് പാലത്തിലൂടെ കടന്നുപോയപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. അടിവാട് ഭാഗത്തുനിന്ന് മടങ്ങുമ്പോഴാണ് അപകടം. കുത്തൊഴുക്കുള്ളവിവരം മനസിലായില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. കനത്ത മഴയുണ്ടായാല്‍ കുടമുണ്ട പാലം വെള്ളത്തിലാകുന്നത് പതിവാണ്. തൊട്ടുചേര്‍ന്ന് ഉയരം കൂട്ടി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള പാലം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കമ്മീഷന്‍ ചെയ്തിട്ടില്ല.
