കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിൽ തേനീച്ചകളുടെ ആക്രമണം; ബൈക്ക് യാത്രികനും, മൂന്ന് പശുക്കൾക്കും വൻ തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റു.മുട്ടത്തുപാറ സ്വദേശി സാബുവിൻ്റെ മൂന്ന് പശുക്കളുടെ നേരെ ഇന്ന് രാവിലെയാണ് വൻതേ നീച്ചകളുടെ ആക്രമണമുണ്ടായത്. മുട്ടത്തു പാറ സ്കൂളിനു സമീപം ഏകദേശം 150 മീറ്റർ ദൂരെ നെടുംചാലിൽ എസ്റ്റേറ്റിലെ തെങ്ങിലാണ് വൻ തേനീച്ചയുടെ കൂറ്റൻ കൂട് ഉള്ളത്. സമീപത്തു തന്നെ മറ്റൊരു മരത്തിൽ കുളവിക്കൂടുമുണ്ട്.
സ്കൂൾ കുട്ടികളും അധ്യാപകരും, വഴിയാത്രക്കാരും തേനീച്ച ആക്രമണ ഭീതിയിലാണ്. ഇന്നലെ ഇതുവഴി പോയ ഒരു ബൈക്കുകാരനും ആക്രമണത്തിനിരയായി.
ക്ഷീരകർഷകനായ സാബുവിന് ആറ് പശുക്കളാണ് ഉള്ളത്.ഇതിൽ മൂന്നെണ്ണത്തിനും തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കുണ്ട്. പരിക്കേറ്റ കറവയുള്ള മൂന്ന് പശുക്കളിൽ രണ്ടെണ്ണം ഗർഭിണികളുമാണ്.
അധികൃതരെ വിവരമറിയിച്ചെങ്കിലും അവർ കൈമലർത്തുകയാണ് ചെയ്തതെന്നും കൂട് നശിപ്പിക്കുന്നതിന് ആറായിരം രൂപ ചെലവുവരുമെന്നും പശു ഉടമ സാബു പറഞ്ഞു.
