കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ് ദേശീയ പാതയിൽ പലയിടങ്ങളിലായി ഉണ്ടായിട്ടുള്ളത്. നിരവധി ജീവനുകൾ നഷ്ടമാവുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയുംചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി അടിയന്തിരമായി തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആൻറണി ജോൺ എം എൽ എ യുടെ അധ്യക്ഷത വഹിച്ചു. കോതമംഗലം താലൂക്ക് പരിധിയിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതും. മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ തല പട്ടയമേള കോതമംഗലത്ത് വച്ച് നടത്തുകയും കോതമംഗലം താലൂക്കിലെ 55 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തതായും എംഎൽഎ യോഗത്തിൽ അറിയിച്ചു
എറണാകുളം ജില്ലാ കളക്ടറായി രണ്ടര വർഷക്കാലം സേവനം അനുഷ്ഠിച്ചു പോന്ന ബഹുമാനപ്പെട്ട ശ്രീ എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ – കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എന്നീ പോസ്റ്റുകളിലേക്ക് നിയമിതനാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻറെ മാതൃകാപരമായ സേവനത്തിനും പ്രവർത്തനങ്ങൾക്കും യോഗത്തിൽ എം.എൽ.എ അഭിനന്ദനം അർപ്പിച്ചു.കോതമംഗലത്തിന്റെ നിരവധിയായ പ്രശ്നങ്ങളിൽ രണ്ടര വർഷകാലവും അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
കോതമംഗലം താലൂക്കിലെ വനമേഖലയോട് ചേർന്നുവരുന്ന പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയുന്നതിനായി ചെയ്തു പോരുന്ന ഫെൻസിങ്,ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ചിംഗ് വർക്കുകൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം വനം വകുപ്പിനോട് ആവശ്യപ്പെട്ടു. താലൂക്കിലെ പല പ്രദേശങ്ങളിലും അപകട ഭീഷണിയിൽ നിൽക്കുന്ന കെ.എസ്.ഇ.ബി ലൈനുകളിലെയും സർവീസ് വയറുകളിലെയും അപകട ഭീഷണി ഒഴിവാക്കാൻ വേണ്ട അറ്റകുറ്റ പണി അടിയന്തരമായി നടത്തണമെന്നും വികസന സമിതി കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടു.
താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട്, റോഡിലെ അപകട കുഴികൾ എന്നീ വിഷയങ്ങളിലെ പരിഹാരനടപടികളെക്കുറിച്ചും, അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനെപ്പറ്റിയും യോഗം ചർച്ച ചെയ്തു.
കാലാവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ റവന്യൂ,ട്രൈബൽ വകുപ്പുകളുടെ പ്രത്യേകമായ ശ്രദ്ധയുണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു. താലൂക്കിൽ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പൊതു സാഹചര്യത്തെ സംബന്ധിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.
റവന്യൂ ടവർ ഭാഗത്ത് എം.വി.ഡി പിടിച്ചെടുത്തു സൂക്ഷിച്ചിട്ടുള്ള തുരുമ്പെടുത്ത വാഹനങ്ങൾ നീക്കം ചെയ്യാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് താലൂക്ക് വികസന സമിതി യോഗം എം വി ഡി യോട് നിർദ്ദേശിച്ചു.
യോഗത്തിൽ തഹസിൽദാർ അനിൽകുമാർ എം,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.കെ ദാനി, റാണിക്കുട്ടി ജോർജ്,മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ചന്ദ്രശേഖരൻ നായർ,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കോതമംഗലം നഗരസഭവികസന കാര്യ ചെയർമാൻ കെ.എ നൗഷാദ്, എം എസ് എൽദോസ്,ബേബി പൗലോസ്, എ .ടി പൗലോസ്,അഡ്വ.പോൾ മുണ്ടക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
