കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ സത്വ ഫെസ്റ്റ് 2025ന് തുടക്കമായി. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർപെഴ്സണുമായ ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി, സത്വ 2025 ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം തിരിച്ചറിയണമെന്ന് ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി ഉദ്ബോധിപ്പിച്ചു. മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ, ഡോ. എബി പി.വർഗീസ് ആശംസകൾ നേർന്നു. ഐ ക്യു എ സി കോർഡിനേറ്റർ, ഡോ. മിന്നു ജെയിംസ് സ്വാഗതം പറഞ്ഞു. എസ് ക്യു എ സി കോർഡിനേറ്റേഴ്സായ ക്രിസ്റ്റിൻ ചെറിയാൻ , മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു.കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
സ്കൂൾ വിദ്യാർത്ഥികൾക്ക് കലാരംഗത്തും അക്കാദമികരംഗത്തും ഉന്നത വിദ്യാഭ്യാസത്തിൻ്റെ സാധ്യതകൾ പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്ന സത്വയുടെ ആദ്യ ഫെസ്റ്റാണ് ഈ വർഷം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനമാണ് കോതമംഗലം, മാർ അത്തനേഷ്യസ് ഓട്ടോണോമസ് കോളേജിനുള്ളത്. 2021 മുതൽ തുടർച്ചയായി യഥാക്രമം 56,86, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പ്രഥമ കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗിൽ – (കെ.ഐ.ആർ എഫ്.) 8-ാം സ്ഥാനത്താണ് മാർ അത്തനേഷ്യസ് ഓട്ടോണമസ് കോളേജ്.
10, 11,12 തലങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾക്കു പുറമേ മാർ അത്തനേഷ്യസ് കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകൾ ഒരുക്കിയ ഇരുപതോളം വിനോദമത്സരവേദികളും ഫെസ്റ്റിനെ ആകർഷകമാക്കുന്നു. 35 സ്കൂളുകളിൽനിന്നായി 500 മത്സരാർത്ഥികളാണ് 2 ദിവസത്തെ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. സത്വയിലെ വിവിധ മത്സരങ്ങൾക്ക് 3 വിഭാഗങ്ങളിലായി 2.8 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. മികച്ച പ്രകടനം നടത്തുന്ന സ്കൂളിന് അത്തനേഷ്യസ് എവർ റോളിംഗ് ട്രോഫിയും നൽകും.
